തിരുവനന്തപുരം: മെഡിക്കൽ കോഴ, വ്യാജ രസീത് വാർത്തകൾ ചോർന്ന സംഭവത്തിൽ ബിജെപി നേതാവ് വിവി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കി. കൂടാതെ പ്രഫുല്‍ കൃഷ്ണയേയും സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന കോർകമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചർച്ച ചെയ്യാതെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിയതിനാണ് രാജേഷിനെതിരെ നടപടിയുണ്ടായത്. വ്യാജ രസീത് വാർത്ത ചോർത്തിയ സംഭവത്തിലാണ് പ്രഫുൽ കൃഷ്ണയ്ക്കെതിരെയുള്ള അച്ചടക്കനടപടി.
മെഡിക്കല്‍ കോഴയിലെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വി.വി. രാജേഷാണെന്നായിരുന്നു പുറത്തുവന്ന വിവരം. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോര്‍ കമ്മിറ്റിയില്‍ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയില്‍ വന്നത്. എന്നാല്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാതെ വിവരം പുറത്തു പറഞ്ഞ വിവി രാജേഷിനെതിരെ നടപടി എടുത്തത് സംസ്ഥാന ബിജെപി ഘടകത്തില്‍ തര്‍ക്കത്തിന് വഴിവെക്കും.