കൊച്ചി: ശബരിമലയിലെ പ്രതിഷേധത്തില്‍ സംഘം ചേരാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സര്‍ക്കുലര്‍ അംഗീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു ശ്രീധരന്‍പിള്ള സര്‍ക്കുലറിനെ ന്യായീകരിച്ച് രംഗത്തെത്തയത്. ശബരിമല സ്ത്രീപ്രവേശന വിധി വന്ന അന്നു മുതല്‍ സമര രംഗത്തുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും അയപ്പകര്‍മ്മ സമിതിക്ക് ആളുകളെ വേണമെങ്കില്‍ എത്തിച്ചു കൊടുക്കാനുള്ള പ്രതിബദ്ധത ബിജെപിക്ക് ഉണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയിലെ മറ്റ് വിഷയങ്ങള്‍ മറച്ച് വയ്ക്കാനുള്ള പുകമറ സൃഷ്ടിക്കുകയാണ് സര്‍ക്കുലറിനെ ഉയര്‍ത്തി കൊണ്ടു വന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സര്‍ക്കുലര്‍ ഇത്ര വിഷയമാക്കേണ്ടതല്ലെന്നും തങ്ങളുടേത് വളരെ സുതാര്യമായ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും ചില മാധ്യമങ്ങളും ചേര്‍ന്ന് പുകമറ സൃഷ്ടിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചിലത് മാത്രം ഉയര്‍ത്തിക്കാണിച്ച് മുഖ്യമന്ത്രിയെ പോലുളളവര്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പാര്‍ട്ടിയുടെ സര്‍ക്കുലറിന് ഇത്രമാത്രം പ്രാധാന്യമുണ്ടോയെന്നു ചോദിച്ച ശ്രീധരന്‍പിള്ള ഇത് തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഒപ്പിട്ട് അയച്ച കത്താണ് പുറത്തുവന്നത്. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകാനാണ് നിര്‍ദേശം. 17ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നട അടയ്ക്കുന്ന ഡിസംബര്‍ 15വരെ ഓരോ നേതാക്കള്‍ക്കും ചുമതല കൊടുത്തു കൊണ്ട് പ്രവര്‍ത്തകരെ എത്തിക്കാനാണ് നിര്‍ദേശം.

Read Also: ശബരിമലയില്‍ ഇന്ന് എത്തേണ്ടത് ‘ആറ്റിങ്ങലില്‍ നിന്നുളള സംഘപ്രവര്‍ത്തകര്‍’; ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത്

ഒരു ദിവസം മൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാനാണ് നിര്‍ദേശം. ഓരോ ദിവസവും ഓരോ ബിജെപി നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഈ മാസം 18 മുതല്‍ നട അടയ്ക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടവരുടെ വിവരങ്ങളും ചുമതലയുള്ള ബിജെപി, ആര്‍എസ്എസ് നേതാക്കളെക്കുറിച്ചും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഒരു സംഘ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഓരോ ദിവസവും വരേണ്ടത്. ഇതനുസരിച്ച് ഇന്ന് വരേണ്ടത് ആറ്റങ്ങില്‍ സംഘ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്. ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് എത്തേണ്ടത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് സംഘ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരായിരുന്നു എത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ