ആലപ്പുഴ: തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ആലപ്പുഴയിൽ ചേരും. യോഗത്തിൽ കേരളത്തിലെ സാഹചര്യവും വിശകലനം ചെയ്യും. തോല്‍വിയുടെ ഉത്തരവാദിത്വത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഉള്‍പ്പോര് ആരംഭിച്ചിട്ടുണ്ട്.

കോർകമ്മറ്റിയും ഭാരവാഹി യോഗവുമാണ് ഇന്ന് ചേരുക. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം.

തോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനാനണെന്ന് മുരളീധര പക്ഷം വിമർശനമുന്നയിക്കാൻ സാധ്യതയുണ്ട്. നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല ഗുണം ചെയ്തെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പുകളുണ്ടായിരുന്നു. ശബരിമല പ്രക്ഷോഭം ശരിയായ നിലയില്‍ അല്ല നയിച്ചതെന്നും അടിക്കടിയുളള നിലപാടുമാറ്റലും പാര്‍ട്ടിക്കുളളില്‍ പിളളയുടെ വിലയിടിച്ചു. സ്ഥാനാർഥി നിര്‍ണയഘട്ടത്തിലും സംസ്ഥാന നേതൃത്വത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു.

ശബരിമല വിവാദം പോലെ കേരളത്തില്‍ ഒരു സുവര്‍ണാവസരം രാഷ്ട്രീയമായി ബിജെപിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.