തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. പത്ത് വെെസ് പ്രസിഡന്റുമാരാണ് ഭാരവാഹി പട്ടികയിലുള്ളത്. എ.എൻ.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും സംസ്ഥാന വെെസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്. ഡോ.കെ.എസ്.രാധാകൃഷ്ണൻ, സി.സദാനന്ദൻ മാസ്റ്റർ, എ.പി.അബ്ദുള്ളക്കുട്ടി, ജെ.പ്രമീളാ ദേവി, ജി.രാമൻ നായർ, എം.എസ്.സമ്പൂണ്ണ, വി.ടി.രമ, വി.വി.രാജൻ എന്നിവരാണ് മറ്റു വെെസ് പ്രസിഡന്റുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
ആറ് ജനറൽ സെക്രട്ടറിമാരാണ് ഭാരവാഹി പട്ടികയിലുള്ളത്. എം.ടി.രമേശ്, അഡ്വ.ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, അഡ്വ.പിസുധീർ, എം.ഗണേശൻ, കെ.സുഭാഷ് എന്നിവരാണ് ആറ് ജനറൽ സെക്രട്ടറിമാർ. സി.ശിവൻകുട്ടി, രേണു സുരേഷ്, രാജി പ്രസാദ് എന്നിവർ സെക്രട്ടറിമാരാകും.
നേരത്തെ കെ.സുരേന്ദ്രനെ പാർട്ടി അധ്യക്ഷനാക്കിയതിൽ ബിജെപിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മുരളീധര പക്ഷത്താണ് സുരേന്ദ്രൻ. സുരേന്ദ്രനൊപ്പം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാക്കളായിരുന്നു എം.ടി. രമേശും എ.എൻ.രാധാകൃഷ്ണനും. ഇരുവരും കൃഷ്ണദാസ് പക്ഷക്കാരാണ്. ശോഭാ സുരേന്ദ്രന്റെ പേരും പരിഗണിച്ചിരുന്നു. ഒരു ഗ്രൂപ്പിലും അംഗമല്ല ശോഭ. തുടക്കംമുതലേ കെ.സുരേന്ദ്രന്റെ പേരാണ് വി. മുരളീധരൻ പക്ഷം മുന്നോട്ടുവച്ചിരുന്നത്. ഒടുവിൽ സുരേന്ദ്രനു തന്നെ നറുക്കുവീണു.
Read Also: ‘ഉറ മറച്ചത്’: ലെെംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്ത് വിവാദമാകുമ്പോൾ
സുരേന്ദ്രൻ അധ്യക്ഷനായതോടെ കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കൾ ഭാരവാഹി സ്ഥാനങ്ങൾ ഏറ്റെടുക്കില്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, എ.എൻ.രാധാകൃഷ്ണനും എം.ടി.രമേശും സംസ്ഥാന ഭാരവാഹി പട്ടികയിൽ തുടരുന്നതോടെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന് താൽക്കാലിക വിരാമമായിരിക്കുകയാണ്.