കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിന് നേരെ ആക്രമണം. രോഗിയുമായി മെഡിക്കൽ കോളേജിലെത്തിയ ആംബുലൻസും മെഡിക്കൽ കോളേജിന്റെ ജനൽ ചില്ലുകളും ബിജെപി പ്രവർത്തകർ തകർത്തു.

ഇവിടെ മോർച്ചറിയിൽ ബിജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്നതിനിടെയായിരുന്നു അക്രമം. ഇവിടെ ബിജെപി പ്രവർത്തകർ തടിച്ചുകൂടി നിൽക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഒരു രോഗിയുമായി അത്യാഹിത വിഭാഗത്തിലേക്ക് എത്തിയ ആംബുലൻസാണ് പ്രകോപിതരായ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തകർത്തത്. ഇഷ്ടിക കല്ലുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേരാണ് കുറ്റക്കാരെന്ന് പരിയാരം മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. ഇവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ ധൻരാജിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ബിജു.

കാക്കംപാറ ആർഎസ്എസ് മണ്ഡൽ കാര്യവാഹക് ആണ് കൊല്ലപ്പെട്ട ബിജു. പയ്യന്നൂർ പാലക്കോട് പാലത്തിന് മുകളിൽ വച്ച് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് വെട്ടേറ്റത്. വാഹനത്തിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ ശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തിലാണ് ബിജുവിന് വെട്ടേറ്റത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചു.
ധനരാജ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുന്നത്. പയ്യന്നൂർ ധൻരാജ് വധക്കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സിപിഎം നിരന്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഎം ഉപരോധിക്കുകയും ചെയ്തിരുന്നു.
കേസിൽ ജാമ്യം ലഭിച്ച ബിജുവടക്കം എല്ലാ പ്രതികൾക്കും കഴിഞ്ഞ ആഴ്ച വരെ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും നേരത്തേ പൊലീസ് കാവലുണ്ടായിരുന്നു. പിന്നീട് ഇത് പിൻവലിച്ചു.