കൊച്ചി: മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. കിസ് ഓഫ് ലൗ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ചുംബന സമരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് എത്തിയപ്പോള്‍ ചുംബന സമരത്തേയും, സദാചാര ഗുണ്ടായിസത്തേയും, ഇടതു സര്‍ക്കാരിനേയും വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി.

പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ചുംബന സമരം നടക്കുന്നിടത്തു നിന്നും അല്‍പം മാറി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇടത് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ശിവസേനുടെ സദാചാര മുദ്രാവാക്യം നടന്നതെന്ന് ബിജെപി ആരോപിച്ചു. സിപിഎം എ ടീമും, ശിവസേന ബി ടീമുമായി പ്രവര്‍ത്തിച്ചാണ് സദാചാര ഗുണ്ടായിസം നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. വന്‍ പൊലീസ് സന്നാഹമാണ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിരുന്നത്.

കിസ് ഓഫ് ലൗ സംഘാടകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന രണ്ടാം ചുംബന സമരമാണിത്. കിസ് ഓഫ് ലവിന്റ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം ചെയ്തത്. 2014 നവംബര്‍ രണ്ടിനായിരുന്നു മറൈന്‍ഡ്രൈവില്‍ ആദ്യ കിസ് ഓഫ് ലവ് പ്രതിഷേധം നടന്നത്.

കിസ് ഓഫ് ലവ് പ്രവർത്തകരുടെ നേതൃത്വത്തിൽ തെരുവു നാടകം നടത്തുകയും കൂട്ടമായി പാട്ടുകൾ പാടുകയും ചെയ്തു. അതിനുശേഷം പരസ്പരം ചുംബിക്കുകയും ചെയ്തു. നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ശിവസേനക്കാരുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ‘സ്നേഹ ഇരിപ്പു സമരം നടത്തി. സദാചാര ചൂരൽ വിറ്റ് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചു.

രാജ്യാന്തര വനിതാ ദിനത്തിൽ കൊച്ചി മറൈൻ ഡ്രൈവിലാണ് ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ചും മോശം വാക്കുകൾ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. ഇതിനെതിരെയാണ് മറൈന്‍ ഡ്രൈവില്‍ ഇന്ന് ചൂടുപിടിച്ച പ്രതിഷേധം അരങ്ങേറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ