പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിയുടെ വീട്ടിന് മുമ്പില്‍ ബിജെപിയുടെ നാമജപ പ്രതിഷേധം. ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീടിന് മുമ്പിലാണ് ബിജെപി പ്രതിഷേധം നടത്തുന്നത്. എന്നാല്‍ ബിജെപി പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് ബിന്ദു പ്രതികരിച്ചു. ആക്രമണം ഉണ്ടായാലും പിന്‍മാറില്ലെന്നും ബിന്ദു പറഞ്ഞു. ‘എത്ര ദിവസം വേണ്ടി വന്നാലും ഇവിടെ ഇരിക്കും, ആക്രമണം ഉണ്ടായാലും അയ്യനെ കണ്ട് മാത്രമേ മടങ്ങുകയുളളൂ,’ യുവതികള്‍ പറഞ്ഞു.

അവകാശങ്ങളെ ആക്ടിവിസമെന്നും മാവോയിസമെന്നും മുദ്രകുത്തി പറഞ്ഞയക്കുകയാണ് ഇവിടെ ചെയ്യുന്നതെന്ന് യുവതികള്‍ പറഞ്ഞു. നാമജപക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങളും ഇതിന് കൂട്ടു നില്‍ക്കുന്നുണ്ടെന്ന് യുവതികള്‍ പ്രതികരിച്ചു.

കൊയിലാണ്ടി, കണ്ണൂര്‍ സ്വദേശിനികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മല കയറാനെത്തിയത്. പൊലീസ് സുരക്ഷ ആവശ്യപ്പെടാതെയാണ് ഇവര്‍ എത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്പി വന്നപ്പോഴാണ് ഇവര്‍ മല കയറുന്നത് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.