തിരുവനന്തപുരം : സംസ്ഥാനത്തിനെതിരെ നടക്കുന്ന സംഘപരിവാര്‍ പ്രചരണങ്ങള്‍ക്കെതിരെ നിയമസഭയില്‍ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ മുഖം വ്യക്തമാകുന്ന അവസ്ഥയുണ്ടായപ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരച്ചുവിടുവാനുള്ള ശ്രമമാണ് ബിജെപിയുടേത്. കേരളത്തിനെതിരായ പ്രചാരണങ്ങള്‍ ഇതിന്‍റെ ഭാഗമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരെ ഉയര്‍ന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത് പ്രതിപക്ഷമാണ്. അഴിമതിയാരോപണത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നപ്പോള്‍ ഇതുവരെ നടന്ന വിജിലന്‍സ് അന്വേഷണം തൃപ്തികരമാണ് എന്നും ബിജെപിയുടെ പാര്‍ട്ടി രേഖകളും വിജിലന്‍സ് അന്വേഷണത്തിന്‍റെ പരിതിയില്‍ പെടുന്നതാണ് എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. മെഡികല്‍ കോളേജ് അഴിമതിയിന്മേലുള്ള അന്വേഷണം ഗൗരവമായി തന്നെയാണ് നടക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി. ആവശ്യമെങ്കില്‍ കേസ് സിബിഐക്ക് വിടാമെന്നും സഭയെ അറിയിച്ചു.

സംസ്ഥാനത്ത് ബിജെപിക്കെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതിയാരോപണങ്ങളെ കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി. “കള്ളനോട്ടടിയുടെ പ്രശ്നം വന്നപ്പോള്‍ ചിലര്‍ അതിനെയും ന്യായീകരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ഒരു നേതാവ് ‘നോട്ടു ക്ഷാമമുള്ളപ്പോള്‍ അത് സഹായിക്കാനല്ലേ ചെയ്തത്’ എന്നുവരെ പറയുന്ന സ്ഥിതിയുണ്ടായി.” എന്നു പറഞ്ഞു.

” ഇത്തരത്തില്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.. അത് കേരളത്തില്‍ അതിവ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നു എന്ന നിലയാണ് ഉണ്ടായത്. അത് ബിജെപിയുടെ മുഖം വലിയതോതില്‍ വ്യക്തമാക്കുന്ന അവസ്ഥയുണ്ടായിരിക്കുന്നു. അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ സ്വാഭാവികമായി ബിജെപി പലവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നു.” മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

“സംസ്ഥാനത്ത് ബിജെപിക്കെതിരെ വന്ന ആരോപണങ്ങള്‍ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. ഈ ശ്രദ്ധ തിരിച്ചുവിടുന്നതിനു തെറ്റായ നടപടികള്‍ ഉണ്ടാവുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.” ക്രമസമാധാനം തകര്‍ക്കുവാനുള്ള ശ്രമവും കേരളത്തിനെതിരായ സംഘപരിവാര്‍ പ്രചരണങ്ങളും ആസൂത്രിതമാണന്നായിരുന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ