തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇന്ന് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ നേതാക്കള്‍ക്ക് സാധിച്ചില്ല. കേന്ദ്ര നേതാക്കളുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച തുടരുകയാണ്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ആര്‍എസ്‌എസ് നിലപാട് സുപ്രധാനമാണ്. ആര്‍എസ്‌എസിന് കൂടി താല്‍പര്യമുള്ളയാളെ ആയിരിക്കും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കുക.

ഇന്നു ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ മൂന്ന് നേതാക്കളുടെ പേരുകളാണ് കൂടുതല്‍ പരിഗണനയ്ക്ക് വന്നത്. കെ.സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കണമെന്ന് വി.മുരളീധര വിഭാഗം ആവശ്യപ്പെടുന്നു. ഇതില്‍ നിന്ന് മുരളീധര വിഭാഗം പിന്നോട്ടില്ലെന്നാണ് സൂചന. അതേസമയം, ശോഭ സുരേന്ദ്രന്റെ പേരും പാര്‍ട്ടിയില്‍ പരിഗണിക്കുന്നുണ്ട്. ശോഭ സുരേന്ദ്രനോ, കെ.സുരേന്ദ്രനോ അധ്യക്ഷ സ്ഥാനത്തെത്താനാണ് സാധ്യത. എം.ടി.രമേശിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.

Read Also:  മമ്മൂക്കയുടെ ‘മാമാങ്കം’ ഉത്സവമാകട്ടെ; ആശംസകളുമായി ലാലേട്ടന്‍

മുന്‍ അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ അന്തിമ പട്ടികയിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്‌എസ് പിന്തുണയുള്ള കുമ്മനം രാജശേഖരന്‍ സ്വമേധയാ മാറിനില്‍ക്കുന്നതാണെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ആര്‍എസ്‌എസ് നിലപാട് അറിഞ്ഞ ശേഷമേ ബിജെപി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. ജനുവരിയോടെ പുതിയ അധ്യക്ഷനെ അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി അധ്യക്ഷനായിരുന്ന പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ ചർച്ചകൾ ആരംഭിച്ചത്. ദേശീയ നേതാക്കൾ അടക്കം കേരളത്തിലെത്തിയാണ് ചർച്ചകൾ തുടരുന്നത്. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.