തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡ നാളെ കേരളത്തിൽ. മൂന്ന്, നാല് തീയതികളിലാണ് നഡ്‌ഡയുടെ കേരള സന്ദർശനം. പാർട്ടിയോഗങ്ങൾക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും.

ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ച് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പാർട്ടി മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും പങ്കെടുക്കും. നാലിന് തൃശൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിലും നഡ്‌ഡ പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുമാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നഡ്‌ഡ പങ്കെടുക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Read More: ഈ ബജറ്റ് വളർച്ചയെ സഹായിക്കും; ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബുധനാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്ന നഡ്‌ഡ വ്യാഴാഴ്ച തൃശൂരില്‍ ബിജെപിയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. എന്‍ഡിഎ മുന്നണിയിലെ ഘടക കക്ഷി നേതാക്കളുമായും അദ്ദേഹം ആശയ വിനിമയം നടത്തും.

സംസ്ഥാന ബിജെപിയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളിലും ചർച്ച നടത്തും. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ശോഭ സുരേന്ദ്രൻ കഴിഞ്ഞദിവസം ദേശീയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ശോഭയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം.

കഴിഞ്ഞദിവസം പുതുച്ചേരിയിൽ എത്തിയ നഡ്‌ഡ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ പൊതുയോഗത്തിൽ സംസാരിച്ചു. പുതുച്ചേരിയിൽ ബിജെപി സർക്കാർ അധികാരത്തിലേറുമെന്നും ബിജെപി വൻ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 30 ൽ 23 സീറ്റുകളും ബിജെപി സ്വന്തമാക്കും. വികസനം മാത്രം ലക്ഷ്യമിടുന്ന സർക്കാരാകും ഇനി കേന്ദ്രഭരണ പ്രദേശത്ത് അധികാരത്തിലേറുക. പുതുച്ചേരിയെ അഴിമതി മുക്തമാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ കേൺഗ്രസ് ഭരണം പുതുച്ചേരിയെ കടുത്ത കടക്കെണിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. 76 ശതമാനത്തോളം യുവാക്കൾ ഇന്നും തൊഴിൽ രഹിതരാണ്. സഹകരണമേഖലയിലെ ജീവനക്കാർക്ക് നാല് വർഷമായി വേതനം ലഭിക്കുന്നില്ലെന്നും നഡ്‌ഡ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook