തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് നഡ്‌ഡ എത്തുക. അദ്ദേഹത്തെ പാർട്ടി പ്രവർത്തകർ ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കലാണ് നഡ്‌ഡയുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം.

ഇന്നും നാളെയുമാണ് ബിജെപി ദേശീയ അധ്യക്ഷന്റെ കേരള സന്ദർശനം. പാർട്ടിയോഗങ്ങൾക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. പാർട്ടി മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും പങ്കെടുക്കും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബിജെപി അധ്യക്ഷൻ നാളെ രാവിലെ വിമാന മാർഗം നെടുമ്പാശേരിയിലേക്ക് പോകും. വൈകിട്ട് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ ഘടകകക്ഷി നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തും.

Read More: കർഷകരെ തടയാൻ റോഡ് നിറയെ ആണികൾ; നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഡൽഹി പൊലീസ്

നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുമാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നഡ്‌ഡ പങ്കെടുക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സംസ്ഥാന ബിജെപിയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളിലും ചർച്ച നടത്തും. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ശോഭ സുരേന്ദ്രൻ കഴിഞ്ഞദിവസം ദേശീയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ശോഭയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.