കോഴിക്കോട്: മുസ്‌ലിങ്ങൾക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി കോഴിക്കോട് കുറ്റ‌്യാടിയിൽ ബിജെപിയുടെ പ്രകടനം. ‘ഗുജറാത്ത് ഓർമയില്ലേ’ എന്ന് ചോദിച്ചാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: നാണംകുണുങ്ങിയില്‍നിന്നു തീപ്പൊരിയിലേക്ക്; ഐഷി പോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്‌ച വൈകീട്ട് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. ‘രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്’ എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി. ‘ഓർമയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ…’എന്നിങ്ങനെയുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ബിജെപി പ്രവർത്തകർ വിളിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് വിദ്വേഷ പ്രകടനം.

സംഭവത്തിൽ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. മതസ്പർധ വളർത്തുന്ന തരത്തിൽ പ്രകോപനപരമായ പ്രകടനം നടത്തിയതിനാണു കേസെടുത്തതെന്നു സിഐ എൻ.സുനിൽ കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടകര റൂറൽ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നു കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുല്ല ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി പരിപാടിക്കെതിരെ കുറ്റ‌്യാടിയിൽ  വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. ബിജെപിയുടെ മാര്‍ച്ച് തുടങ്ങും മുന്‍പേ നിരവധി വ്യാപാരികൾ കട അടച്ചുപോയി. ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറിയിരുന്നു. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. കോഴിക്കോട് ജില്ലയിലെ തന്നെ നരിക്കുനിയിലും കടകള്‍ അടച്ചാണു വ്യാപാരികള്‍ ബിജെപി പരിപാടിയോട് പ്രതികരിച്ചത്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സൂട്ട് സമർപ്പിച്ചു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

Read Also: നാണംകുണുങ്ങിയില്‍നിന്നു തീപ്പൊരിയിലേക്ക്; ഐഷി പോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍

ആർട്ടിക്കിൾ 131 പ്രകാരമാണ് സൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. നിയമം ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. തുടക്കം മുതലേ നിയമത്തിനെതിരെ രംഗത്തു വന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചപ്പോൾ ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് എതിർത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.