ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എന്റര്‍ പ്രൈസസിന് നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് ആദ്യമല്ലെന്നു കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട് അപഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു. കള്ളക്കടത്ത് വിവാദത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
വിമാനത്താവളം അദാനി എന്റര്‍ പ്രൈസസിന് നല്‍കാന്‍ തീരുമാനമെടുക്കുമ്പോൾ സംസ്ഥാന സര്‍ക്കാരിനെ പങ്കാളിയാക്കിയിരുന്നു. കെഎസ്‌ഐഡിസിയും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. വ്യവസ്ഥകള്‍ അന്നേ കെഎസ്‌ഐഡിസിയും അംഗീകരിച്ചതാണ്. നിലവിലെ ഹൈക്കോടതി വിധിക്ക് അനുകൂലമാണ് കേന്ദ്രതീരുമാനമെന്നും കെഎസ്‌ഐഡിസിയുടെ തുക അദാനിയേക്കാള്‍ 19.6 ശതമാനം കുറവായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Read More: വിട്ടുകൊടുക്കില്ല; കടുപ്പിച്ച് മുഖ്യമന്ത്രി, വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം
വിമാനത്താവളങ്ങളുടെ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അന്‍പതു വര്‍ഷത്തേക്കാണ് യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള അധികാരം ഉള്‍പ്പെടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് പതിച്ചു നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഐസ്‌ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ല. സ്വകാര്യവൽക്കരിച്ചാൽ സംസ്ഥാന സർക്കാർ വിമാനത്താവളവുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം ആര് ഏറ്റെടുത്താലും സർക്കാർ സഹകരണമില്ലാതെ നടത്താനാവില്ലെന്നും മുഖ്യമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞു.
വിമാനത്താവള വിഷയത്തിൽ സംസ്ഥാന സർക്കാരെടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പ്രതിപക്ഷം പൂർണ പിന്തുണ അറിയിച്ചു. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.
വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ ബിജെപിയൊഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.