തിരുവനന്തപുരം: ബിജെപിയുടെ മെഡിക്കല്‍ കോഴ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ജന്മഭൂമി. റിപ്പോര്‍ട്ട് ചോര്‍ത്തിയ കുലംകുത്തിയെ കരുതിയിരിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്.

റിപ്പോർട്ട് ചോർത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണം. കേസിൽ വിജിലൻസ് അന്വേഷണം നിഷ്പക്ഷമാകില്ല. നേതാക്കൾക്കെതിരായ ആരോപണത്തിൽ എൻഐഎ അന്വേഷണം വേണമെന്നും കുലംകുത്തികൾ കരുതിയിരിക്കണം എന്ന പേരിലുള്ള ജന്മഭൂമി റസിഡന്‍റ് എഡിറ്ററുടെ മറുപുറം പംക്തിയിൽ വ്യക്തമാക്കുന്നു.

പാര്‍ട്ടിനേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ക്കോഴ ആരോപണം ലോക്‌സഭയെ വരെ പിടിച്ചുകുലുക്കിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന ബിജെപി. സംസ്ഥാന ഭാരവാഹിയോഗം സംഭവബഹുലമാകും. കോഴ വിവാദത്തില്‍ ചേരിതിരിഞ്ഞ് പരസ്യമായി വാളെടുത്തുനില്‍ക്കുന്ന നേതാക്കളുടെ ഏറ്റുമുട്ടലിന് യോഗം വേദിയാകും. അഴിമതി സംബന്ധിച്ച് സംസ്ഥാനനേതൃത്വത്തില്‍നിന്ന് കേന്ദ്രപ്രതിനിധി സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് വിശദീകരണം തേടും.

സംസ്ഥാനനേതൃത്വത്തിലെ വിഭാഗീയത വീണ്ടും ആളിക്കത്തിച്ചാണ് പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. തന്നെ കോഴവിവാദത്തില്‍ കുരുക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായതായി സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശ് കരുതുന്നു. പാര്‍ട്ടിനേതൃത്വത്തിലേക്കുള്ള തന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യം റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കുണ്ടെന്ന ആരോപണവും രമേശ് ഉന്നയിക്കും.

പനിബാധിതനായി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നാണ് ആലപ്പുഴയില്‍ ചേരാനിരുന്ന പാര്‍ട്ടി നേതൃയോഗങ്ങള്‍ മാറ്റിവെച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ആരോപണവിധേയനായ എംടി രമേശ് അമിത് ഷായെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ