തിരുവനന്തപുരം: മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപി നേതാക്കൾ കോഴ വാങ്ങി എന്ന ആരോപണം സ്ഥിരീകരിച്ച് അന്വേഷണ കമ്മീഷൻ. പ്രാദേശിക നേതാക്കളുടെ മൊഴി​ എടുത്തതിൽ എം.ടി.രമേശിന്റെ പേരുണ്ടായിരുന്നു എന്ന് അന്വേഷണ കമ്മീഷൻ അംഗം എ.കെ.നസീർ സ്ഥിരീകരിച്ചു. പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതി ചേർത്തുവെന്ന ആരോപണം തെറ്റാണെന്നും എ.കെ.നസീർ പറഞ്ഞു.

മെഡിക്കൽ കോളജിന് അനുമതി വാങ്ങി നൽകാമെന്ന് പറഞ്ഞ് ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്ന് ബിജെപി നേതാവ് എം.ടി.രമേശ് പറഞ്ഞിരുന്നു. ആരും തനിക്ക് പണം വാഗ്‌ദാനം ചെയ്തിട്ടില്ല. ഒരു മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂളിനു പോലും അനുമതി വാങ്ങിച്ചു കൊടുക്കാൻ കഴിവില്ലാത്ത ആളാണ് ഞാൻ. സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതന്വേഷണം നേരിടാനും തയാറാണെന്നും എം.ടി.രമേശ് പറഞ്ഞു.

നേരത്തെ ബിജെപി നേതാക്കൾക്കെതിരെയുള്ള കോഴ വാർത്തകൾ ഊഹാപോഹമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചിരുന്നു. കോഴ ആരോപണവുമായി ആർക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും എന്നും തുടർ നടപടികൾ ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും കുമ്മനം പറഞ്ഞിരുന്നു.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയിരിക്കുന്നത്.

പണം നൽകിയതായി ആർ.ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദും തെളിവെടുപ്പിൽ സമ്മതിച്ചിട്ടുണ്ട്. പണം നൽകിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നൽകിയതാണ് അന്വേഷണത്തിനു വഴിവച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണ് ചോർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.