തിരുവനന്തപുരം: മെഡിക്കല്‍ കോഴയില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിന് മുമ്പാകെ ഹാജരായി പറഞ്ഞു. തിരുവനന്തപുരം യൂണിറ്റിലെ വിജിലന്‍സ് സംഘത്തിന് മുന്നിലാണ് കുമ്മനം ഹാജരായത്. മൊഴി നല്‍കാന്‍ ഓഗസ്റ്റ് 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ കുമ്മനത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കുമ്മനം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് സമയം നീട്ടി നല്‍കുകയായിരുന്നു.

തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരമായി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കോഴ വിവാദത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഓഫീസ് സെക്രട്ടറി കണ്ടിരുന്നു, എന്നാല്‍ താന്‍ നേരിട്ട് കണ്ടിട്ടില്ല. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാകുറ്റമാണ്. അത് അതിന്റേതായ രീതിയില്‍ പൊയ്ക്കോട്ടെ.’ വിജിലന്‍സിന് മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളെ കണ്ട കുമ്മനം പറഞ്ഞു.

‘പണം വാങ്ങിയ ആളും നല്‍കിയ ആളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ പ്രശ്നമാണില്‍ ഇതില്‍ പാര്‍ട്ടിക്ക് യാതൊരു റോളുമില്ല. വി.വി രാജേഷിനെതിരായ നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്.
എംടി രമേശിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല.പരാതി കിട്ടിയാല്‍ അതേപ്പറ്റി അന്വേഷിക്കും. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്ക് കെ.പി.ശ്രീശന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ