തിരുവനന്തപുരം: മെഡിക്കൽ കോളേജ്​ അനുവദിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് ഇന്ന് മൊഴിയെടുക്കും. വർക്കലയിലെ മെഡിക്കൽ കോളേജ് ഉടമ എസ്ആര്‍ ഷാജിയുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. എന്നാല്‍ കേസില്‍ വിജിലന്‍സിന് മൊഴി നല്‍കേണ്ടതില്ലെന്നാണ് ബിജെപി നേതാക്കളുടെ തീരുമാനം.

മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനായി 5 കോടി 60 ലക്ഷം രൂപ ആർഎസ് വിനോദ് മുഖേന ബിജെപി നേതാക്കള്‍ക്ക് നൽകിയതായി ഷാജി പാര്‍ട്ടിയുടെ അന്വേഷണക്കമ്മീഷനോട് സമ്മതിച്ചിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഇത് നിഷേധിക്കുകയും ചെയ്തു. വിജിലൻസ് അന്വേഷണ സംഘത്തിന് മുന്നില്‍ ഷാജി എന്ത് മൊഴി നല്‍കുമെന്നത് നിര്‍ണായകമാവും. പണം നല്‍കിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ബിജെപി നേതൃത്വത്തെ അത് പ്രതിരോധത്തിലാക്കും.

ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ പി ശ്രീശൻ, എകെ നസീർ എന്നിവര്‍ക്കും വിജിലൻസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ വിജിലൻസിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്നാണ് ഇരുവരുടെയും നിലപാട്. തങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരോ ജനപ്രതിനിധികളോ അല്ലാത്തതിനാല്‍ വിജിലന്‍സിന് മൊഴി നല്‍കാന്‍ ബാധ്യതയില്ലെന്നാണ് ഇവരുടെ വാദം.

മെഡിക്കൽ കോളേജ്​ അനുവദിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ 5 കോടി രൂപ കൊഴ വാങ്ങിയതായി കണ്ടെത്തൽ. വർക്കലയിലെ എസ്ആർ മെഡിക്കൽ കോളേജിലെ ഉടമയായ ആർ.ഷാജിയിൽ നിന്നാണ് ബിജെപി നേതാക്കൾ പണം കൈപ്പറ്റിയത്. പ്രമുഖ നേതാക്കൾ കോഴ വാങ്ങി എന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് എം.ടി രമേശ് ഉൾപ്പടെയുള്ള നേതാക്കൾ പണം കൈപ്പറ്റിയതായി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പണം കൊടുത്തത് ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിനാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു . പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 5 കോടി 60 ലക്ഷം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായണ് റിപ്പോര്‍ട്ട് . കുഴൽപ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ബിജെപി നേതാവ് എം ടി രമേശിന്റെയും പേരുണ്ട്. ചെർപ്പുളശ്ശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പണം നൽകിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ