തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ബിജെപി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗം എ.കെ.നസീറിനെതിരെയും പാർട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ചോരുകയും വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ഈ റിപ്പോർട്ട് നസീറിന്റെ ഇമെയിൽ ഐഡി വഴിയാണ് പുറത്ത് പോയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടിക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ നേതൃത്വത്തിൽ കൂടുതൽ കുറ്റവാളികളുണ്ടെന്നു കരുതുന്നില്ലെന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രതികരിച്ചു. സംഭവത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ ആൾക്കെതിരെ നടപടിയെടുത്തെന്നും തുടര്‍നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും രാജ വ്യക്തമാക്കി.

എന്നാൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെയും ഊഹാപോഹങ്ങളുടെയും പശ്ചാത്തലത്തിൽ നടപടിയുണ്ടാകില്ലെന്നും രാജ വിശദീകരിച്ചു. കോഴ നൽകി മെഡിക്കൽ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബിഡിജെഎസാണ് പരാതിപ്പെട്ടത്. ഇതേ തുടർന്നാണ് ബിജെപി ഇക്കഴിഞ്ഞ മെയ് മാസത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ബിജെപി വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ ആയിരുന്നു അന്വേഷണ കമ്മിഷനിലെ മറ്റൊരു അംഗം. ജൂൺ ആറിനാണ് സംസ്ഥാന നേതൃത്വത്തിനു കമ്മിഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്

പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം. ഗണേഷ്, കെ. സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്കാണ് ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ചത്. എന്നാൽ ബിജെപി നേതൃത്വത്തിലെ വിഭാഗീയതയെ തുടർന്നാണ് ഈ സംഭവം പുറത്തായത്. വൻ വിവാദമായതോടെ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആർഎസ് വിനോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ