തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. സെപ്തംബർ 7ന് പയ്യന്നൂരിൽ നിന്നും ആരംഭിക്കേണ്ടിയിരുന്ന ജനരക്ഷായാത്ര ഒക്ടോബറിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. ബി.ജെ.പി പ്രവർത്തകർക്ക് നേരെ സി.പി.എം നടത്തുന്ന അക്രമത്തിനെതിരെയാണ് മാര്‍ച്ചെന്നാണ് ബിജെപിയുടെ പക്ഷം.

നേരത്തെ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ തുടർന്നാണ് യാത്ര സെപ്തംബറിലേക്ക് ആദ്യം മാറ്റിവച്ചത്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കുമ്മനത്തിന്റെ ഒപ്പം യാത്രയിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നതാണ്.

ജാഥയുടെ ഉദ്ഘാടനം നിർവഹിക്കുന്ന അമിത് ഷാ ആദ്യത്തെ മൂന്നു ദിവസം കണ്ണൂരിലെ പാദയാത്രയിൽ പെങ്കടുക്കുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. രണ്ടാംദിനം മുഖ്യമന്ത്രി പിണറായി വിജയ​ന്റെ സ്വദേശമായ പിണറായിവഴിയാണ് അമിത് ഷായും കുമ്മനവും നയിക്കുന്ന പദയാത്ര കടന്നുപോവുകയെന്നും വ്യക്തമാക്കിയിരുന്നു. കാസർകോട്, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ 11 ജില്ലകളിലൂടെയാണ് പദയാത്ര നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ