കോട്ടയം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികളിൽ അനിശ്ചിതത്വം തുടരുമ്പോള്‍ മൂന്നാര്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ നേട്ടമുണ്ടാക്കാനൊരുങ്ങി ബിജെപി. മൂന്നാര്‍ വിഷയത്തില്‍ സജീവമായി ഇടപെടലുകളുമായി മുന്നോട്ടു നീങ്ങുന്നത് കൂടുതല്‍ രാഷ്ട്രീയ നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് ഇതിന് ബിജെപിയെ പ്രേരിപ്പിക്കുന്നതും. മൂന്നാര്‍ വിഷയം വീണ്ടും സജീവമായപ്പോള്‍ മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെത്തിയിരുന്നു. മാര്‍ച്ച് 26 ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു ശ്രമിക്കുമെന്നു പറഞ്ഞാണ് മടങ്ങിയത്. മൂന്നാർ വിഷയത്തിൽ ആവശ്യമെങ്കിൽ കേന്ദ്രം ഇടപെടുമെന്ന്  കേരളത്തിലെത്തി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്  ഏപ്രിൽ രണ്ടിന് വ്യക്തമാക്കിയിരുന്നു

സി ആർ ചൗധരിയുടെ മൂന്നാർ സന്ദർശനം

പിന്നീട് ഏപ്രില്‍ എട്ടിനു മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയത് കേന്ദ്ര ഭക്ഷ്യ സഹ പൊതുവിതരണ വകുപ്പ് മന്ത്രിയായ സി.ആര്‍.ചൗധരിയായിരുന്നു. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളെക്കുറിച്ചും അനധികൃത നിര്‍മാണങ്ങളെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.

renuka chowdari, bjp,munnar

രേണുകചൗധരിയും സംഘവും മൂന്നാറിൽ എത്തിയപ്പോൾ

തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന ഘടകത്തിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ ഏപ്രില്‍ പതിനെട്ടിനു മൂന്നാര്‍ രക്ഷാ മാര്‍ച്ചു നടത്തി. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ വീടു സ്ഥിതിചെയ്യുന്ന ഇക്കാ നഗറിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ജലപീരങ്കി പ്രയോഗത്തിലും നേരിയ സംഘര്‍ഷത്തിലുമാണ് അവസാനിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതാകട്ടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു.

ഇതിനു ശേഷമാണ് മേയ് ഒന്‍പത്, പത്ത് തീയതികളില്‍ പാര്‍ലമെന്ററി പരിസ്ഥിതി സമിതി അധ്യക്ഷയായ രേണുകാ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാര്‍ സന്ദര്‍ശിച്ചത്. ഭൂമി കൈയേറ്റങ്ങളും അനിയന്ത്രിത കെട്ടിട നിര്‍മാണവും തുടരുന്നത് പശ്ചിമഘട്ട മേഖലയിലാകമാനം ജൈവ വൈവിധ്യത്തിന്റെ നാശത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതായി വിലയിരുത്തിയ പാര്‍ലമെന്ററി സമിതി മൂന്നാറില്‍ സിറ്റിങ്ങ് നടത്തുകയും ചെയ്തു. സിറ്റിങ്ങില്‍ പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ജനിതക മാറ്റം വരുത്തിയ വിളകളും അവ പരിസ്ഥിതിയിലുണ്ടാക്കിയിട്ടുള്ള ആഘാതങ്ങളെക്കുറിച്ചുമാണ് സമിതി പരിശോധിച്ചത്.

കേരളത്തില്‍ ആദ്യമായാണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പരിശോധിക്കുന്ന ഒരു പാര്‍ലമെന്ററി സമിതി സിറ്റിങ് ഇത്തരത്തിലൊരു സിറ്റിങ്ങ് നടത്തുന്നതും. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന കൈയേറ്റങ്ങള്‍ സംബന്ധിച്ച് നിരവധി രേഖാമൂലമുള്ള പരാതികള്‍ സമിതിക്കു ലഭിച്ചു. പരിസ്ഥിതി സമിതി മൂന്നു മാസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ടും ശുപാര്‍ശകളും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് രേണുക ചൗധരി പറഞ്ഞത്.

മൂന്നാർ വിഷയത്തില്‍ ഇനി സന്ദര്‍ശനത്തിനെത്തുന്നത് ബിജെപിയുടെ നാല് മലയാളി ജനപ്രതിനിധികളാണ്. മേയ് പതിനാലാം തീയതിയാണ് എംപിമാരുടെ സംഘം മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുക. ബിജെപി എം.പി.മാരായ സുരേഷ് ഗോപി ,റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും ഒ രാജ ഗോപാല്‍ എംഎല്‍എ, എന്നിവരാണ് മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുക. 14 ന് രാവിലെ 9.30ന് സംഘം മൂന്നാര്‍ ടൗണിനു സമീപം സ്ഥിതിചെയ്യുന്ന മുതിരപ്പുഴയാര്‍ സന്ദര്‍ശിക്കും. ഇതിനുശേഷം മറയൂരിനു സമീപമുള്ള കൊട്ടാക്കമ്പൂരിലെ ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഉടമസ്ഥതയിലുള്ള വിവാദ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് കൈയേറ്റം രൂക്ഷമായ പ്രദേശങ്ങളായ ചിന്നക്കനാല്‍, പോതമേട്, പളളിവാസല്‍ എന്നീ പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. മൂന്നാറിലും പരിസരങ്ങളിലുമായി അരങ്ങേറുന്ന സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങളും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചാ വിഷയവുമായി ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ബിജെപി എംപിമാരുടെ സംഘം മൂന്നാര്‍ സന്ദര്‍ശിക്കുന്നത്.

മൂന്നാറിലെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഭരണത്തിലുള്ള പാര്‍ട്ടിയായ സിപിഎം പ്രതിരോധത്തിലായതോടെ ഈ അവസരം മുതലെടുത്ത് പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാവുമോയെന്നാണ് ബിജെപി നേതൃത്വം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. ജില്ലയിലെ സിപിഎം പിന്തുണയുളള എംപിയും സി പി എം നേതാവായ ദേവികുളം എംഎല്‍എയും വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരനുമെല്ലാം ഭൂമി കൈയേറ്റ വിഷയത്തില്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ് ഭൂമി കൈയേറ്റ വിഷയം ഉയര്‍ത്തുന്നുണ്ടെങ്കിലും എ.കെ. മണിയെപ്പോലുള്ളവര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാര്‍ വിഷയം ഉയര്‍ത്തിക്കാട്ടി പരമാവധി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇപ്പോള്‍ ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നതും. ഇടുക്കി ജില്ലയിൽ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും ഈ വിഷയം ഉയർത്തി കേരളത്തിലെ മറ്റ് ജില്ലകളിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയാണ് ബിജെ പിക്കുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.