തിരുവനന്തപുരം: തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും പ്രചാരണങ്ങൾക്ക് ശേഷം ബിജെപി ലക്ഷ്യമിടുന്നത് കേരളമാണ്. തിരഞ്ഞടുപ്പ് രാഷ്‌ട്രീയത്തിൽ ബിജെപിക്ക് ബാലികേറാമലയാണ് കേരളം. എന്നാൽ, കേരളം പിടിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് പാർട്ടി ദേശീയ, സംസ്ഥാന നേതൃത്വം.

കേരളത്തിലെ ക്രൈസ്‌‌തവ വോട്ടുകളിലാണ് ബിജെപി ഇപ്പോൾ ലക്ഷ്യമിടുന്നത്. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയിൽ വർധിച്ചുവരുന്ന മുസ്‌ലിം സ്വാധീനത്തെക്കുറിച്ച് ക്രൈസ്‌തവ നേതാക്കൾക്കിടയിൽ വലിയ അസംതൃപ്‌തിയുണ്ട്. ഇത് മുതലെടുത്ത് ക്രെെസ്‌തവ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അണിയറയിൽ ബിജെപി നടത്തുന്നത്.

മുസ്‌ലിം വിദ്യാർഥികൾക്ക് 80 ശതമാനത്തിലധികം ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നതിലും മുസ്‌ലിം ആൺകുട്ടികളാൽ ആകർഷിക്കപ്പെടുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതിലും ( ലൗ ജിഹാദ് ) ക്രെെസ്‌തവ സഭയിൽ ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സഭാ നേതാക്കൾ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

Read Also: കോവിഡ്: 66 വിദ്യാർഥികൾക്ക് രോഗം, ഐഐടി മദ്രാസ് അടച്ചു

മിസോറാമിലേയും, കേരളത്തിലേയും വിവിധ മതവിഭാഗങ്ങളെക്കുറിച്ച് മിസോറാം ഗവർണറും കേരളത്തിലെ ബിജെപിയുടെ മുൻ അധ്യക്ഷനുമായ പി.എസ്.ശ്രീധരൻപിള്ള എഴുതിയ “Justice For All, Prejudice to None” എന്ന പുസ്‌തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ്ജ് ആലഞ്ചേരിയ്ക്ക് നൽകിക്കൊണ്ടാണ് നിർവഹിച്ചത്. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ ക്രെെസ്‌തവസഭ നേതൃത്വം ബിജെപിയുടെ സഹായം അഭ്യർഥിക്കുന്നു.

നവംബറിൽ ക്രെെസ്‌തവ സഭ നേതാക്കൾ ശ്രീധരൻപിള്ളയ്‌ക്ക് ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ഈ വിരുന്നിൽ വിവിധ വിഷയങ്ങളിൽ സഭയ്‌ക്കുള്ള ആശങ്കളും പരാതികളും ക്രെെസ്‌തവസഭ നേതാക്കൾ ശ്രീധരൻപിള്ളയെ അറിയിച്ചു. ക്രെെസ്‌തവ സഭ നേതാക്കളുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാമെന്ന് ശ്രീധരൻപിള്ള ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ക്രെെസ്തവ സമൂഹം നേരിടുന്ന അനീതികളെ കുറിച്ച് സഭ അധികാരികൾ പ്രധാനമന്ത്രിക്ക് ഒരു മെമ്മോറാണ്ടം സമർപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ.

“ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിലുള്ള ആശങ്കളും പരാതികളും സഭാ നേതാക്കൾ ഇതിനകം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കിൽ, ക്രെെസ്‌തവ സമൂഹത്തിന് സ്കോളർഷിപ്പിന്റെ 40 ശതമാനം നേടണം, പക്ഷേ അതിന്റെ പകുതി മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ. ഇത് നീതി നിഷേധമായി അവർക്ക് തോന്നുന്നു,” കേരളത്തിൽ നിന്നുള്ള ഒരു ബിജെപി നേതാവ് പറഞ്ഞു.

ക്രെെസ്‌തവ സമുദായത്തിന്റെ ജനസംഖ്യയിൽ ഉണ്ടായേക്കാവുന്ന ഇടിവിനെക്കുറിച്ചുള്ള ആശങ്കകൾ അറിയിക്കുന്നതിനുള്ള ഒരു പഠനവും നേതാക്കൾ ഉദ്ധരിച്ചു. സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസർ കെ.സി.സക്കറിയയുടെ പഠനമനുസരിച്ച്, 2050 ഓടെ മുസ്‌ലിങ്ങൾ സംസ്ഥാനത്തെ ജനസംഖ്യയുടെ 35 ശതമാനമായി ഉയരും. എന്നാൽ, ക്രിസ്ത്യാനികൾ മുസ്‌ലിം ജനസംഖ്യയുടെ പകുതിയായി കുറയുമെന്നാണ് ഈ പഠനത്തിൽ പറയുന്നത്.

Read Also: ക്ഷേത്രം പുതുക്കിപ്പണിയുന്നതിനിടെ ഉത്തിരാമൂരുകാർക്ക് ലഭിച്ചത് വമ്പൻ സ്വർണശേഖരം

പൊതുവെ, കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയോട് കേരളത്തിലെ ക്രെെസ്‌തവ സമൂഹത്തിന് നല്ല അടുപ്പമുണ്ട്. എന്നാൽ, യുഡിഎഫിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ വർധിച്ചുവരുന്ന സ്വാധീനത്തിൽ ക്രെെസ്‌തവസഭ നേതാക്കൾ അതൃപ്‌തരാണ്. മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം നടപ്പാക്കാനുള്ള സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം പോലും ക്രിസ്ത്യാനികളെ കോൺഗ്രസിൽ നിന്ന് അകറ്റാനുള്ള ശ്രമമായിട്ടാണ് കാണുന്നത്. ഇതിനെ സഭാ നേതാക്കൾ പരസ്യമായി പ്രശംസിച്ചിരുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിലപാടിനെ തുടർന്ന് സിപിഎമ്മിന്റെ ഹിന്ദു സമുദായ പിന്തുണയിൽ ചെറിയൊരു ഇടിവ് സംഭവിച്ചിട്ടുണ്ട്. മുസ്‌ലിം-ക്രിസ്‌ത്യൻ പിന്തുണയോടെ ആ ഇടിവ് നികത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. കേരളത്തിൽ ബിജെപിയുടെ വളർച്ച തടയാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന് ക്രിസ്‌ത്യൻ, മുസ്‌ലിം സമുദായങ്ങളിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ക്രെെസ്‌തവ വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ മുന്നണിയിലേക്ക് സ്വീകരിച്ചു. ഇത് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കേരള കോൺഗ്രസ് (മാണി) വിഭാഗത്തിനു വോട്ട് ബാങ്കുണ്ട്.

സമാന രീതിയിൽ വോട്ട് ബാങ്ക് വിപുലപ്പെടുത്താനാണ് ബിജെപിയും ലക്ഷ്യമിടുന്നത്. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനൊപ്പം ക്രിസ്‌ത്യൻ വോട്ടുകൾ കൂടിയാണ് ബിജെപി ലക്ഷ്യമിടുന്നത്. “കേരളത്തിൽ ബിജെപിക്ക് വളരാൻ ക്രെെസ്‌തവ വിഭാഗത്തിന്റെ പിന്തുണ ഏറെ അത്യാവശ്യമാണ്. നേരത്തെ, ചില പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താനുള്ള ഞങ്ങളുടെ ശ്രമം വേണ്ടത്ര ഫലം കണ്ടില്ല. ക്രെെസ്‌തവ സമൂഹത്തിൽ നിന്ന് പിന്തുണ ലഭിക്കാൻ കൂടുതൽ നൂതനമായ പദ്ധതികൾ ഞങ്ങൾ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ബിജെപിയെ പിന്തുണയ്‌ക്കാൻ ക്രെെസ്‌തവ സമുദായത്തിന് അതൃപ്‌തിയൊന്നും ഇല്ല,” ബിജെപി ജനറൽ സെക്രട്ടറി പറഞ്ഞു. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ഞൂറോളം ക്രിസ്‌ത്യൻ സ്ഥാനാർഥികളെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 40 ശതമാനം വോട്ടുകൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണ്. ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്. എൽഡിഎഫും യുഡിഎഫും കൃത്യമായ കണക്കിൽ ഹിന്ദു വോട്ടുകൾ സ്വന്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെങ്കിൽ മുസ്‌ലിം, ക്രിസ്‌ത്യൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ക്രെെസ്‌തവ സഭ ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ മുസ്‌ലിം വിഭാഗത്തിനെതിരെ രംഗത്തെത്തുന്ന സാഹചര്യത്തിൽ ഈ അവസരം മുതലെടുക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.