തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റു ചെയ്തത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ പ്രതിഷേധിച്ചത്.

ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലാണ് നിയമസഭയ്ക്ക് മുന്നിൽ നേതാക്കൾ പ്രതിഷേധിച്ചത്. സർക്കാരിനെതിരെ പ്ലക്കാർഡ് ഉയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത നേതാക്കൾ നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു.

പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയ്യാറായില്ല. തുടർന്ന് പൊലീസ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Read More: ‘സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’; അവിശ്വാസപ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ

സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സ്വര്‍ണക്കടത്തുകാരുടെ ഓത്തശക്കാരനായി മുഖ്യമന്ത്രി മാറിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കള്ളക്കടത്തുകാര്‍ക്ക് കുടപിടിക്കുന്ന ജോലിയാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉള്ളത്. സ്വര്‍ണക്കടത്തുകാര്‍ക്ക് പരവദാനി വിരിക്കുന്ന സര്‍ക്കാരാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊള്ളമുതലിന്റെ പങ്ക് എകെജി സെന്ററിലേക്കാണ് പോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയിലേക്കും പണം പോയത്. സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രിയുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയ മന്ത്രി, സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇവര്‍ക്ക് സഹായം ചെയ്യുന്ന രണ്ട് അഡിഷണല്‍ സെക്രട്ടറിമാര്‍, കൈക്കൂലി വാങ്ങിയത് അറിഞ്ഞിട്ടും നോക്കുകുത്തിയെ പോലെ നില്‍ക്കുന്ന ധനമന്ത്രിയുമാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണക്കടത്തില്‍ പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്കു നല്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ല. പ്രമേയത്തിനെതിരെ വിയോജിപ്പുണ്ടെന്ന് പറഞ്ഞ് രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയപ്പോള്‍ സംസാരിക്കാന്‍ അനുവദിക്കാതെ എകകണ്ഠമായി പ്രമേയം പാസാക്കിയെന്നു പറഞ്ഞ സ്പീക്കറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook