scorecardresearch

ബിജെപി നേതാവിന്റെ കള്ളനോട്ടടി: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി , രണ്ടാം പ്രതിയും പിടിയിൽ

കള്ളനോട്ടടി കേസില്‍ ഒളിവിലായിരുന്ന ബിജെപി കയ്പമംഗലം നിയോജകമണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി കൂടിയായ മതിലകം സ്വദേശി രാജീവ് ഏരാച്ചേരിയും പിടിയിലായി

ബിജെപി നേതാവിന്റെ കള്ളനോട്ടടി: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി , രണ്ടാം പ്രതിയും പിടിയിൽ

തിരുവനന്തപുരം: കൊടുങ്ങല്ലൂരിൽ യുവമോർച്ച നേതാവ് കള്ളനോട്ടടിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നോട്ടടിക്കാൻ ഉപയോഗിച്ച മിഷിൻ വിദഗ്ദ പരിശോധനയ്ക്കായി ഫോറൻസിക്ക് ലാബിലേക്ക് അയക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. ഇതിനിടെ കള്ളനോട്ടടി കേസില്‍ ഒളിവിലായിരുന്ന ബിജെപി നേതാവ് അറസ്റ്റിലായി..ബിജെപി കയ്പമംഗലം നിയോജകമണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി കൂടിയായ മതിലകം സ്വദേശി രാജീവ് ഏരാച്ചേരിയാണ് അറസ്റ്റിലായത്. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ഇയാളെ ഞായറാഴ്ച പിടികൂടിയത്. കേസിൽ നേരത്തെ അറസ്റ്റിലായ രാഗേഷിന്റെ സഹോദരനാണ് രാജീവ്. രാഗേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ ദിവസമാണ് യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കമ്മട്ടവും കളളനോട്ടുകളും പൊലീസ് പിടികൂടിയത്. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാജേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നുമാണ് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ് പിടിച്ചെടുത്തത്. ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

രാജേഷ് ഏരാച്ചേരിയുടെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. 500,2000 രൂപ എന്നിവയുടെ വ്യാജനോട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. നോട്ട് അടിക്കുന്നതിനായുള്ള മഷികളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് നോട്ട് അച്ചടിക്കുന്ന മിഷിൻ സജ്ജീകരിച്ചിരുന്നത്.

നോട്ട് തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, ലാപ്ടോപ്പ്, ബോണ്ട് പേപ്പര്‍, കളര്‍ പ്രിന്റര്‍, മഷി എന്നിവയും പൊലീസ് പിടിച്ചെടുത്തു. റിസര്‍വ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേ മാതൃകയില്‍ കംപ്യൂട്ടറില്‍ കറന്‍സി തയ്യാറാക്കി കറന്‍സി നോട്ടിനു സമാനമായ പേപ്പറില്‍ പ്രിന്റെടുത്ത് മുറിച്ചാണ് വിതരണം ചെയ്തിരുന്നത്. പെട്രോള്‍ പമ്പിലും ബാങ്കുകളിലുമാണ് നോട്ടുകള്‍ മാറിയെടുത്തിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bjp leaders fake currency printing crime branch will take over the case