പാലക്കാട്: സക്കറിയെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപനവുമായി ബിജെപി. നരേന്ദ്ര മോദിക്കെതിരെ സക്കറിയ നടത്തിയ പരാമർശമാണ് ബിജെപിയുടെ പ്രകോപനത്തിന് കാരണം. സക്കറിയ ഇത് തുടർന്നാൽ സക്കറിയക്ക് അടി കിട്ടുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്നാണ് ബിജെപി  സംസ്ഥാന നേതാവായ ബി. ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചത്.

പയ്യന്നൂരിൽ സി പിഎമ്മുകാർ സക്കറിയയെ കൈയേറ്റം ചെയ്തിട്ടുണ്ടെന്നും  സംഘപരിവാറുകാർക്ക് അടി നന്നായി അറിയാമെന്നും ഇത് തുടർന്നാൽ സക്കറിയക്ക് അടി കിട്ടുമെന്നാണ് ബിജെപി നേതാവിന്റെ ഭീഷണി.

ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയുമായി ബന്ധപ്പെട്ട് സക്കറിയ നടത്തിയ പരാമർശമാണ് ബിജെപിയുടെ ഭീഷണിക്ക് കാരണമായി അവർ പറയുന്നത്. സക്കറിയക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവ് പറയുന്നു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ്  ബിജെപി പരാതി നൽകിയത്.

പാലക്കാട് നടന്ന ഒ.വി.വിജയൻ അനുസ്മരണ വേദിയിലാണ് വിവാദം ഉണ്ടായത്. ഗുജറാത്തിലെ കൊലയാളിയായ നരേന്ദ്ര മോദി അവാർഡ് തന്നാൽ താൻ അത് വാങ്ങില്ലെന്നായിരുന്നു സക്കറിയുടെ പരാമർശം.

ഒ.വി.വിജയൻ അനുസ്മരണത്തിൽ വിജയൻ ആർഎസ്എസ് പിന്തുണയുളള സംഘടനയായ തപസ്യ അവാർഡ് സ്വീകരിച്ചതിനെ വിമർശിച്ച് സംസാരിക്കുന്നതിനിടയിലാണ് ഈ പരാമർശം നടത്തിയത്.

വിജയൻ മൃദുഹിന്ദുത്വവാദിയാണെന്ന് സക്കറിയ പറഞ്ഞത് വേദിയിൽ വിവാദമുണ്ടാക്കിയിരുന്നു. ആ വിവാദത്തിൽ വിജയന്റെ സഹോദരി ഒ.വി.ഉഷ, കവി വി.മധുസൂധനൻ നായർ, തപസ്യ പ്രസിഡന്റ് ആഷാമേനോൻ എന്നിവർ സക്കറിയ്ക്കെതിരെ രംഗത്തു വന്നു. അവരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് സക്കറിയ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയുമായി ബന്ധപ്പെടുത്തി തന്റെ നിലപാട് വിശദീകരിച്ചത്.

സക്കറിയ മതപരമായ വർഗീയവാദിയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ അഭിപ്രായം. സക്കറിയ മലയാള സാഹിത്യത്തിലെ ദുരന്തമാണെന്ന് കണ്ടെത്തലും ബിജെപി നേതാവ് ചാനലുകളോട് വെളിപ്പെടുത്തി. ഇതേ സമയം ആർഎസ്എസ്-ബിജെപി ഭീഷണിയുടെ സാഹചര്യത്തിൽ ​തനിക്ക് സംരക്ഷണം ഒരുക്കേണ്ടത് സർക്കാരാണെന്ന് സക്കറിയ പറഞ്ഞതായി ചാനലുകൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ നോട്ട് നിരോധനത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് ബിജെപി നേതാക്കൾ എം.ടി.വാസുദേവൻ നായർക്കെതിരെ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook