കൊച്ചി: നേതൃത്വ വിഷയത്തെച്ചൊല്ലിയുള്ള കലാപം സംസ്ഥാന ബിജെപിയില്‍ വന്‍പൊട്ടിത്തെറിയിലേക്ക്. ശോഭസുരേന്ദ്രന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവ് പി എം വേലായുധൻ രംഗത്തെത്തി. മുതിർന്ന നേതാവായിട്ടും തനിക്ക് പാർട്ടിയിൽ വേണ്ട പരിഗണന കിട്ടുന്നില്ലെന്നാണ് വേലായുധന്റെ ആരോപണം. സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ പി.എം.വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപൊട്ടുകയും ചെയ്തു.
“മക്കൾ വളർന്ന് അവർ ശേഷിയിലേക്ക് വരുമ്പേൾ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിൽ ഇട്ടമാതിരിയാണ്. എന്നെപോലെ ഒട്ടേറെ പേർ വീടുകളിൽ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അദ്ധ്യക്ഷനെ പലതവണ ഫോണിൽ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല,” വേലായുധൻ പറഞ്ഞു.
Read More: ശോഭ സുരേന്ദ്രൻ ബിഡിജെഎസിലേക്ക്?; യുഡിഫ് നേതൃത്വമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പി.എം.വേലായുധന്‍. സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ പറയുന്നു.
“എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ രണ്ടു തവണ സുരേന്ദ്രന്‍ വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്,” പി.എം.വേലായുധന്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് തല്ലു കൊണ്ട് രണ്ട് തവണയാണ് ജയിലിൽ കിടന്നത്. ഒരു ആശയത്തിന് വേണ്ടി ഉറച്ച് നിന്നയാളാണ് താൻ. പക്ഷേ ഇന്ന് തനിക്ക് വളരെ വേദനയുണ്ടെന്നും പി എം വേലായുധൻ പറഞ്ഞു. സുരേന്ദ്രന് എതിരെ വിമർശനം ഉന്നയിച്ച വേലായുധൻ മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പുകയും ചെയ്‌തു.
സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ശോഭ സുരേന്ദ്രൻ പരാതി നൽകി. സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗമായും താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായി ചുമതലയേൽക്കുന്നതെന്നും ശോഭ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.