ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സമരപരിപാടികളിലൂടെ കലാപം സൃഷ്ടിക്കാൻ നീക്കമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജെപി നേതാവ് എം.ടി രമേഷ്. വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന സ്ത്രീകളെ തടയില്ലെന്നും, പക്ഷെ ഹിന്ദു വിശ്വാസികളായ സ്ത്രീകളാരും മല കയറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടുകൾക്ക് അനുസൃതമായാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ ഷിഗ്നാപുർ ശനീശ്വര ക്ഷേത്രത്തിൽ സാമൂഹികമായ ചില പ്രശ്നങ്ങളുടെ പേരിലാണ് സ്ത്രീകളെ പ്രവേശിപ്പിക്കാത്തത്.

എന്നാൽ ശബരിമലയിലേത് ഒരു സാമൂഹികമായ ആചാരമല്ല. ശബരിമലയിലെ താന്ത്രിക വിധികളെക്കുറിച്ച് അറിയാവുന്ന ആരോടും ചോദിക്കാതെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. സർക്കാർ നിലപാടുകൾ സ്വീകരിക്കുമ്പോൾ ഇക്കാര്യങ്ങൾകൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിധിക്കെതിരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും എം ടി രമേഷ് വ്യക്തമാക്കി. എൻഡിഎ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ കാൽനടയാത്ര നാളെ ആരംഭിക്കും. ബിജെപി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നയിക്കുന്ന യാത്ര നാളെ പന്തളത്തുനിന്നും ആരംഭിച്ച് ഒക്ടോബർ 15ന് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ