തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു സ്ഥാനാര്‍ത്ഥിയാകുന്ന കുമ്മനത്തിന് പാര്‍ട്ടി വന്‍ സ്വീകരണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.

Read More: തിരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് കുമ്മനം രാജശേഖരന്‍

രാവിലെ 8.30നാണ് കുമ്മനം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. രണ്ടായിരത്തിലേറെ പ്രവര്‍ത്തകരാണ് കുമ്മനത്തിന് തിരുവനന്തപുരത്ത് ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുക. വിമാനത്താവളത്തില്‍ കുമ്മനത്തെ സ്വീകരിക്കാന്‍ മുന്‍ ഡിജിപി സെന്‍കുമാര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവരും എത്തി.

വിമാനത്താവളത്തില്‍ നിന്നും കുമ്മനം ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്കും അവിടെ നിന്നും ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും പോകും.

Read More: കുമ്മനം മത്സരരംഗത്തേക്ക്; ചൂടുപിടിച്ച് അനന്തപുരി

ഏതാനും നാളുകളായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിരുന്നില്ല. എന്നാല്‍, ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം കേരളത്തിലെത്തുമ്പോള്‍ അത് തിരുവനന്തപുരം പിടിക്കാനുള്ള ഉറച്ച ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കമായി വേണം കാണാന്‍. കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച വാര്‍ത്ത പുറത്തുവന്ന ശേഷം ബിജെപി നേതൃത്വത്തിന്റെ പ്രതികരണവും അങ്ങനെയായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ എത്തുമ്പോള്‍ 2014 നേക്കാള്‍ വലിയ പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത്. ആര്‍എസ്എസിന്റെ ശക്തമായ ഇടപെടലാണ് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ആദ്യ സ്ഥാനത്തുള്ള മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല വിഷയം മുന്‍നിര്‍ത്തി ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുകയാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതിലേക്ക് ഏറ്റവും സുഗമമായ വഴി കുമ്മനം രാജശേഖരന്‍ തന്നെയാണെന്ന് പാര്‍ട്ടി നേതൃത്വവും അംഗീകരിക്കുന്നു.

Read More: കുമ്മനം രാജശേഖരന്‍ ഗവർണർ സ്ഥാനം രാജിവച്ചു; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ഹിന്ദു ഐക്യവേദി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ 2015ലാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. ജന്മഭൂമി പത്രത്തിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം. 2018 മെയ് മാസത്തിലാണ് കുമ്മനം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ