കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ. ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ ദേശീയ ഉപരോധത്തിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും രാധാകൃഷ്ണൻ പ്രസംഗിച്ചത്.

”ഞങ്ങൾ ഇന്ത്യ രാജ്യം ഭരിക്കുന്ന പാർട്ടിയാണ്, 21 സംസ്ഥാനങ്ങൾ ഭരിക്കുന്ന മുന്നണിയാണ്. 21 ലക്ഷം അംഗങ്ങൾ കേരളത്തിലുണ്ട്. ഇന്ത്യയിൽ 11 കോടി അംഗങ്ങളുണ്ട്. പിണറായി വിജയൻ ഉമ്മാക്കിത്തനം കാണിച്ചാൽ ചവിട്ടി അറബിക്കടലിലേക്ക് ദുരെക്കളയും,” ഇതായിരുന്നു രാധാകൃഷ്ണൻ പറഞ്ഞത്.

നാളെ ശബരിമലയിലേക്ക് പോകുമെന്നും ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാനും രാധാകൃഷ്ണൻ വെല്ലുവിളിച്ചു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജയിലുകൾ തയ്യാറാക്കി വയ്ക്കാനും ബിജെപി പ്രവർത്തകരാൽ ജയിലുകൾ നിറയുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.


(വീഡിയോ കടപ്പാട്: കൈരളി ന്യൂസ്)

വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചതിനാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് സുരേന്ദ്രനുമേല്‍ ചുമത്തിയത്. സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് റിമാന്റിലായ കെ.സുരേന്ദ്രനേയും മറ്റ് രണ്ട്‌പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.