ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍. അക്രമി സംഘം എത്തിയത് ആംബുലന്‍സിലാണെന്നാണ് ലഭിക്കുന്ന വിവരം. എസ് ഡി പി ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പൊലീസ് പരിശോധിക്കുകയാണ്. പ്രഭാതസവാരിക്കിറങ്ങിയെ രഞ്ജിത്തിനെ ആലപ്പുഴ നഗരഭാഗത്തെ വെള്ളക്കിണറിന് സമീപം ഇന്ന് പുലര്‍ച്ചയോടെയാണ് കൊലപ്പെടുത്തിയത്.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിഎസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ. എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഷാന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമി സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല പറഞ്ഞു. “അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ആദ്യ കൊലപാതകം നടന്നപ്പോള്‍ തന്നെ മുന്‍കരുതല്‍ എടുക്കണമായിരുന്നു,” ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു.
12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുന്നതായാണ് വിവരം.
Also Read: ആലപ്പുഴയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി