തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. “മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ” എന്നാണ് സുരേന്ദ്രന്റെ വെല്ലുവിളി. ഫെയ്സ്ബുക്കിലൂടെയാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
“ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?,” എന്നും സുരേന്ദ്രൻ പരിഹസിക്കുന്നു.
ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതു ഭരണഘടനാ ദത്തമാണ്. ഭരണഘടനാ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് രാജ്യത്തിന്റെ നയം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയവും ഇതാണ്.
സവര്‍ക്കര്‍ തുടങ്ങിവച്ച് ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാരയിലൂടെ വളര്‍ത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജൻഡ പ്രാവര്‍ത്തികമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള രാജ്യമായി വിഭജിക്കുകയെന്ന ആർഎസ്എസ് നേതാക്കളുടെ മോഹമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.
Read More: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
ഭരണഘടനയുടെ അടിത്തറ തന്നെ മതേതരത്വമാണെന്നു സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണ്. നിയമത്തിലൂടെ കേന്ദ്രം സൃഷ്ടിക്കുന്നത് മതത്തിന്റെ പേരിലുള്ള വേർതിരിവാണ്. ഇന്ത്യാവിഭജനം നടന്നപ്പോൾ ഞങ്ങൾക്ക് പാകിസ്ഥാനല്ല വേണ്ടത്, മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് താമസിക്കാൻ താൽപ്പര്യമെന്നു പറഞ്ഞുവന്ന മുസ്‌ലിങ്ങളുള്ള നാടാണിതെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
ജനാധിപത്യ മതേതര റിപ്പബ്ലിക്ക് എന്ന ഇന്ത്യയുടെ സ്വത്വത്തെ അട്ടിമറിക്കുന്ന നടപടികളിലേക്കുള്ള ചുവടുവയ്പാണിതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇതിനെതിരെ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. സംസ്ഥാനത്തിന്‍റെ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് കെ.സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.