കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ അവതാരകയുടെ ചോദ്യത്തിനു മുന്നിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന് ഉത്തരം മുട്ടി. മനോരമ ന്യൂസിൽ ഇന്നലെ നടന്ന കൗണ്ടർ പോയിന്റ് ചർച്ചയ്ക്കിടെയാണ് അവതാരക ഷാനി പ്രഭാകറിന്റെ ചോദ്യത്തിനു ഉത്തരമറിയാതെ സുരേന്ദ്രൻ പതറി പോയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയെക്കുറിച്ചായിരുന്നു ചർച്ച.

ജനരക്ഷായാത്രയെക്കുറിച്ച് വിശദീകരിച്ച് കുമ്മനം രാജശേഖരൻ ലേഖനം എഴുതിയിരുന്നു. ഇതിൽ ലവ് ജിഹാദ് കേസിൽ കേരള ഹൈക്കോടതിയെ അടക്കം ഇസ്‌ലാമിക തീവ്രവാദികൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേരള സർക്കാർ മൗനം അവലംബിച്ചു എന്ന പരാമർശം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചായിരുന്നു അവതാരക സുരേന്ദ്രനോട് ചോദിച്ചത്. ഇസ്രത്ത് ജഹാൻ ഇന്ത്യയിലെ ആദ്യത്തെ ഐഎസ് തീവ്രവാദിയാണെന്ന് കോൾമാൻ ഹെഡ്‌ലിയാണ് പറഞ്ഞത്. ഞാനോ മോദിയോ പറഞ്ഞതല്ല. ഇതുകേട്ടപ്പോഴാണ് അവതാരിക ആരാണ് ഹെഡ്‌ലിയെന്നു സുരേന്ദ്രനോട് ചോദിച്ചത്. ഉത്തരം മുട്ടിയ സുരേന്ദ്രൻ ഹെഡ്‌ലി ആരാണെന്നു നിങ്ങൾക്കറിയില്ലേയെന്നു അവതാരകയോട് തിരിച്ചു ചോദിച്ച് തടിയൂരാൻ ശ്രമിച്ചു.

പക്ഷേ അവതാരകയ്ക്ക് സുരേന്ദ്രനെ വിടാൻ ഒരുക്കമുണ്ടായിരുന്നില്ല. താങ്കൾ മഹദ് വചനമായി ഉദ്ധരിക്കുന്ന ഹെഡ്‌ലി ആരാണെന്നു പറയേണ്ടത് ചർച്ച കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരോട് പറയേണ്ട നീതിയല്ലേയെന്നു അവതാരക ചോദിച്ചു. ഇതോടെ സുരേന്ദ്രൻ ശരിക്കും പെട്ടു. ആരാണെന്ന് നിങ്ങൾ പറയൂവെന്നും ആടിനെ പട്ടിയാക്കരുതെന്നും സുരേന്ദ്രൻ മറുപടി പറഞ്ഞ് രക്ഷപ്പെട്ടു.

മുംബൈ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് കോൾമാൻ ഹെഡ്‌ലി. അമേരിക്കയിലെ ജയിലിലാണ് ഇയാൾ ഇപ്പോഴുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ