തിരുവനന്തപുരം: ചുമട്ടുതൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും സാഹിത്യകാരന്മാരേക്കാളും എത്രയോ അന്തസ്സും സഹിഷ്ണുതയുമുണ്ടെന്നു ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മനുഷ്യനും കുരങ്ങനും തമ്മിൽ ബുദ്ധിയുടെ കാര്യത്തിലേ വ്യത്യാസമുള്ളൂ. തനി മനുഷ്യക്കുരങ്ങുകളാണ് കേരളത്തിലെ സാംസ്കാരികമേഖലയെ നയിക്കുന്നതെന്നും സുരേന്ദ്രൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇക്കാലത്ത് ട്രേഡ് യൂനിയൻ സമ്മേളനത്തിനു പോലും മറ്റു യൂണിയനിൽപ്പെട്ടവരെ വിളിക്കാറുണ്ട്. എന്നാൽ ഭയങ്കര സഹിഷ്ണുതാവാദികളായ സാംസ്കാരിക നായകൻമാർ കോഴിക്കോട് സാഹിത്യോൽസവം കൂടിയതിന്രെ വാർത്ത കണ്ടപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ചുമട്ടുതൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും സാഹിത്യകാരന്മാരേക്കാളും എത്രയോ അന്തസ്സും സഹിഷ്ണുതയുമുണ്ട്. ഒരേ അഭിപ്രായമുള്ളവർ ഒന്നിച്ചുകൂടി കുറെ പ്രസംഗിക്കുന്നതിനെ സംവാദം എന്നല്ല പറയുന്നത്. ഈ ഉദരംഭരികളായ കള്ളനാണയങ്ങൾക്ക് എതിരഭിപ്രായം പറയുന്നവരെ നേരിടാനുള്ള ത്രാണിയില്ല. സിപിഎമ്മിന്രെ നേതാക്കളും ശശിതരൂരും മാത്രം പ്രസംഗിച്ചാൽ അതിനെ സർഗസംവാദമായി എങ്ങനെ കാണാനാവും. എതിരഭിപ്രായമുള്ളവർ എന്തു പറയുന്നു എന്നു കേൾക്കാൻ സഹിഷ്ണുതയില്ലാത്ത ഓട്ടമുക്കാലുകളാണ് ഇവിടെ അസഹിഷ്ണുതയെക്കുറിച്ച് പ്രമേയം പാസ്സാക്കുന്നത്. മഹാ പണ്ഡിതനും സാഹിത്യവിശാരദനും സൗന്ദര്യശാസ്ത്രകുതുകിയുമായ എം.എം.ബേബി ജയ്പൂർ സാഹിത്യസമ്മേളനം ബഹിഷ്കരിച്ചത് അവിടെ സംഘപരിവാറിനെ അനുകൂലിക്കുന്ന സാഹിത്യകാരൻമാർ പങ്കെടുക്കുന്നു എന്ന കാരണം പറഞ്ഞാണ്. ലോ അക്കാദമിയിൽ നടന്ന ദലിത് പീഡനത്തെക്കുറിച്ച് പത്മനാഭൻ പറഞ്ഞത് മാത്രമാണ് ഒരേ ഒരു എതിർശബ്ദം. പുകാസക്കാരുടെ നേതാവിനെ പണ്ട് വി എസ് വാനരനെന്ന് വിളിച്ചത് ഇതൊക്കെ നേരത്തെ മനസ്സിലാക്കിയിട്ടാവും. മനുഷ്യനും കുരങ്ങനും തമ്മിൽ ബുദ്ധിയുടെ കാര്യത്തിലേ വ്യത്യാസമുള്ളൂ. തനി മനുഷ്യക്കുരങ്ങുകളാണ് കേരളത്തിലെ സാംസ്കാരികമേഖലയെ നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ