കൊല്ലം: ബിജെപി നേതാവിനു കോൺഗ്രസ് പാർട്ടിയിലും അംഗത്വമെന്ന് റിപ്പോർട്ട്. ബിജെപി നിയോജകമണ്ഡലം ഭാരവാഹിക്ക് കോൺഗ്രസിലും അവരുടെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയിലും അംഗത്വമുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലം ചാത്തന്നൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി ഒരുമാസംമുൻപ് ബിജെപി പ്രഖ്യാപിച്ച സുഗതൻ പറമ്പിലിനാണ് കോൺഗ്രസിലും ഐഎൻടിയുസിയിലും അംഗത്വമുണ്ടെന്ന് റിപ്പോർട്ടുകളുള്ളത്. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നു സുഗതൻ പറമ്പിൽ. അടുത്തിടെയാണ് ഇയാൾ ബിജെപി അനുഭാവിയായതും പാർട്ടിയിൽ അംഗത്വമെടുത്തതും. പിന്നീട് ഇയാൾക്ക് ബിജെപി ഭാരവാഹിത്വം നൽകുകയായിരുന്നു. ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയിൽ സുഗതൻ പങ്കെടുത്തിട്ടുണ്ട്. നാലുവർഷംമുൻപ് കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിന്റെ താൽപര്യപ്രകാരമാണ് സുഗതനെ മണ്ഡലം വൈസ് പ്രസിഡന്റായി നാമനിർദേശം ചെയ്തതെന്നാണ് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നത്.
Read Also: കോവിഡ്-19: സംസ്ഥാനത്ത് 63 ശതമാനം പേര്‍ക്കും രോഗംഭേദമായി
സുഗതന്റെ കോൺഗ്രസ് പാർട്ടിയിലെ അംഗത്വത്തിനെതിരെ ബിജെപി നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സുഗതൻ ഇപ്പോഴും ഐഎൻടിയുസി മേഖലാ പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം ബിജെപി പ്രവർത്തകരുടെ പരാതി.
ബിജെപി ഭാരവാഹിയായി പ്രഖ്യാപിക്കപ്പെട്ടശേഷവും സുഗതൻ കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും കമ്മിറ്റികളിലും പ്രവർത്തനത്തിലും സജീവമാണെന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ബിജെപിയുടെ പ്രാദേശിക നേതാക്കളെത്തിയപ്പോൾ സുഗതന്റെ വീട്ടിൽ ഐഎൻടിയുസിയുടെ കമ്മിറ്റി നടക്കുകയായിരുന്നുവെന്ന് പറയുന്നു.
Read Also: ഇസയുടെ പിറന്നാൾ കേക്കിൽ ഒരു സന്ദേശമുണ്ട്; ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ
അതേസമയം, ആദിച്ചനല്ലൂര്‍ ഗ്രീന്‍ലാന്‍ഡ് പേപ്പര്‍ മില്‍ സ്റ്റാഫ് ആന്‍ഡ് എംപ്ലോയീസ് യൂണിയന് (ഐഎന്‍ടിയുസി) എന്ന സംഘടനയുടെ ഭാരവാഹിത്വം ഒഴിയാൻ പറ്റില്ലെന്നാണ് സുഗതന്റെ നിലപാട്. ഇത് ബിജെപി നേതാക്കളെ അറിയിച്ചു. സുഗതന്റെ ഇരട്ട ഭാരവാഹിത്വത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് പ്രാദേശിക ബിജെപി നേതാക്കള്‍. സുഗതൻ പാർട്ടി വിട്ട ആളാണെന്നാണ് കൊല്ലം കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.