കോഴിക്കോട്: ഭരണത്തില്‍ ഇല്ലാഞ്ഞിട്ടും അഴിമതിക്ക് പന്നം വരുത്താതെ ബിജെപി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മെഡിക്കൽ കോളജ് കോഴ സംഭവത്തിന് പിന്നാലെ സൈന്യത്തിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു കോഴിക്കോട്ട് ബിജെപിയുടെ ഉത്തരമേഖലാ സെക്രട്ടറി എം.കെ. രാജൻ ലക്ഷങ്ങൾ വാങ്ങിയെന്നാണ് പരാതി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെയായ അശ്വന്ത് ആണ് പൊലീസില്‍ പരാതി നല്‍കിയത്.

മൂന്നര ലക്ഷത്തോളം രൂപയാണ് അശ്വന്തില്‍ നിന്നും രാജന്‍ കൈപറ്റിയതെന്നാണ് ആരോപണം. സൈന്യത്തില്‍ ജോലി തരാമെന്നും തുക ഘട്ടം ഘട്ടമായി തന്നാല്‍ മതിയെന്നും രാജന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ട് തവണകളായി പണം നല്‍കുകയായിരുന്നുവെന്ന് അശ്വന്ത് പറഞ്ഞു.

എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് താന്‍ വീണ്ടും ബിജെപി നേതാവിനെ സമീപിച്ചെങ്കിലും പണം തിരികെ കിട്ടിയില്ലെന്ന് അശ്വന്ത് പറഞ്ഞു. ബിജെപിയുടെ ജില്ലാ- സംസാഥാന നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്നെ മര്‍ദ്ദിച്ചതായും അശ്വന്ത് പരാതിയില്‍ പറയുന്നു.

താന്‍ ഉള്‍പ്പെടെ നിരവധി ചെറുപ്പക്കാര്‍ ഈ കുരുക്കില്‍ പെട്ടിട്ടുണ്ടെന്നും ആരും പുറത്തു പറയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കി മലപ്പുറത്ത് കോഴ വാങ്ങിയതിന് പിന്നാലെയാണ് ബിജെപിയെ വെട്ടിലാക്കി പുതിയ ആരോപണവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ