പത്തനംതിട്ട: ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല(56)യുടെ അറസ്റ്റിനെതിരെ ബിജെപി. ശശികലയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

ശബരിമലയുടെ പൈതൃകം ഓരോന്നായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ശബരിമലയിലെ പൊലീസുകാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തിലേത് രാക്ഷസ ഭരണകൂടമാണ്, നിരീശ്വരവാദികളുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

യുവതീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് നടക്കുന്ന ശബരിമല സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുന്നതായും ശ്രീധരന്‍ പിള്ള അറിയിച്ചു.

ഇന്നലെ വൈകീട്ട് 7.30ഓടെയാണ് കെ.പി ശശികല ശബരിമലയില്‍ എത്തിയത്. മരക്കൂട്ടത്ത് വെച്ച് പൊലീസ് ഇവരെ തടഞ്ഞു. രാത്രി പത്ത് മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവര്‍ ഉപവാസം ആരംഭിച്ചു.

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. റാന്നി പൊലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലാണ് ശശികല ഇപ്പോള്‍.

അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമിനെയും ശബരിമല ആചാര സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പൃഥ്വിപാലനെയും പന്പയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ സന്നിധാനത്തേക്ക് കടന്നുചെന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌നസാധ്യത കണക്കിലെടുത്താണ് പോലീസിന്റെ നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.