തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കൊല്ലത്ത് വോൾവോ ബസിന് നേരെ കല്ലേറ്. ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ വൈകിട്ട് ആറ് മണി വരെയുള്ള സർവ്വീസുകൾ കെഎസ്ആർടിസി നിർത്തിവച്ചു.

കൊല്ലത്ത് കാവനാട് പൂവൻപുഴ കുരിശുമൂടിന് സമീപത്താണ് ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്. മൂന്ന് യുവാക്കളാണ് കല്ലെറിഞ്ഞതെന്നാണ് വിവരം. ഡ്രൈവർ ശ്രീകുമാറിന് പരിക്കേറ്റു. ഇതേ തുടർന്ന് ബസിലുണ്ടായിരുന്ന 30 ഓളം യാത്രക്കാരെ കൊല്ലത്ത് ഇറക്കി.

ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് വൈകിട്ട് ആറ് മണി വരെ സർവ്വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് കൂടുതൽ പേരും കൊച്ചിയിൽ രാവിലെ കടകൾ തുറന്നിരുന്നു. പിന്നീട് ഇവ അടച്ചു.

പെട്രോൾ പമ്പുകളും മറ്റും ബിജെപി പ്രവർത്തകർ നേരിട്ടെത്തിയാണ് അടപ്പിച്ചത്. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. 40 ഓളം മുറിവുകളുണ്ടായിരുന്ന രാജേഷിന്റെ കൈപ്പത്തി പൂർണ്ണമായും അറ്റുപോയിരുന്നു.

അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ഇത് നിഷേധിച്ച് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രസ്താവന ഇറക്കി. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുള്ളതായാണ് വിവരം. അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനങ്ങൾ തിരുവനന്തപുരത്ത് വച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ