പത്തനംതിട്ട: ഇന്ധനവില വര്‍ധനവില്‍ ജനങ്ങളെ അപഹസിക്കുന്ന തരത്തില്‍ പ്രതികരണം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പെട്രോളിന് 50 രൂപയാക്കല്‍ എന്തായി എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
‘തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ല. ഇന്ത്യയിലെ പാര്‍ട്ടികള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ്. ദാരിദ്രം ഇല്ലാതാക്കുമെന്നൊക്കെ പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 50 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊക്കെ ആ രീതിയില്‍ കണ്ടാല്‍ മതി’ ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടേത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു അദ്ദേഹം.
‘പെട്രോള്‍ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്. ഞാന്‍ എന്റെ പാര്‍ട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങള്‍ക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം” പിള്ള പറഞ്ഞു. തമിഴ്നാട്ടില്‍ പെട്രോള്‍ വില വര്‍ധനവിനെ കുറിച്ച് ബിജെപി അദ്ധ്യക്ഷ തമിഴിസൈ സൗന്ദര്യരാജയോട് ചോദ്യം ചോദിച്ച ഓട്ടോക്കാരനെ മര്‍ദ്ദിച്ചതും വിവാദമായിട്ടുണ്ട്. രാജ്യത്ത് ദിനംപ്രതി പെട്രോള്‍ വില കുത്തനെ കൂടുകയാണ്. ഇതിനിടെയാണ് പിളളയുടെ മറുപടി.