തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി അൽഫോൻസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തപ്പോൾ കേരളത്തിൽ കാര്യമായ ആരവങ്ങൾ ഉണ്ടായിരുന്നില്ല. കണ്ണന്താനത്തിന്രെ സത്യപ്രതിജ്ഞാ ദിവസം ആളൊഴിഞ്ഞ ബിജെപി സംസ്ഥാനക്കമ്മറ്റി ഓഫീസും, നേതാക്കളുടെ തെളിമ ഇല്ലാത്ത മുഖങ്ങളുമാണ് കണ്ടത്. എന്നാൽ അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബിജെപി കേരള ഘടകം. കേന്ദ്ര നേത്രത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പുതിയ കേന്ദ്രമന്ത്രിക്ക് സ്വീകരണം ഒരുക്കാൻ കുമ്മനവും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.

ഞായറാഴ്ച കേരളത്തിൽ എത്തുന്ന കേന്ദ്രമന്ത്രിക്ക് നെടുമ്പാശ്ശേരിയിൽ പാർട്ടിപ്രവർത്തർ സ്വീകരണം നൽകും.വരുന്ന തിങ്കളാഴ്ച കുമ്മനം രാജശേഖരന്റെ നേത്രത്വത്തിൽ കണ്ണൂരിൽവെച്ച് അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകും. ഈ മാസം 16 ന് തിരുവനന്തപുരത്ത് സ്വീകരണ പരിപാടി സംഘടിപ്പിക്കും. അൽഫോൻസ് കണ്ണന്താനത്തിന്റെ നാടായ കാഞ്ഞിരപ്പള്ളിയിൽ റോഡ് ഷോ നടത്താനും ബിജെപി സംസ്ഥാന നേത്രത്വം തീരുമാനിച്ചിട്ടുണ്ട്.

അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയതിൽ വലിയ പ്രതിഷേധമാണ് കേരളത്തിലെ നേതാക്കൾക്ക് ഉള്ളത്. ബിജെപിയുടെ കേരള ഘടകം നിർദ്ദേശിച്ച ആരെയും മന്ത്രിയാക്കിയില്ല എന്നതായിരുന്നു കുമ്മനം ഉൾപ്പടെയുള്ള നേതാക്കളെ നിരാശരാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ