ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല, എല്ലാം പാർട്ടിയിൽ വ്യക്‌തമാക്കും: എ.എൻ.രാധാകൃഷ്‌ണൻ

സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയതോടെ സംസ്ഥാന ബിജെപിയിലെ കൃഷ്‌ണദാസ് പക്ഷവും മുരളീധരൻ പക്ഷവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്

AN Radhakrishnan K Surendran BJP

കൊച്ചി: കെ.സുരേന്ദ്രൻ അധ്യക്ഷനായി സ്ഥാനമേറ്റെടുത്തതോടെ ബിജെപിക്കുള്ളിലെ ഭിന്നത കൂടുതൽ ശക്‌തമായിരിക്കുകയാണ്. എ.എൻ രാധാകൃഷ്‌ണൻ, ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവർ കെ.സുരേന്ദ്രനു കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരില്ലെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു.

അതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രന്റെ കീഴിൽ താൻ പദവികൾ ഏറ്റെടുക്കാൻ തയാറല്ലെന്ന് ഇപ്പോഴത്തെ പാർട്ടി ജനറൽ സെക്രട്ടറിയായ എ.എൻ.രാധാകൃഷ്‌ണൻ പറഞ്ഞതായി വാർത്തകൾ വരുന്നത്. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷുമായുള്ള ചർച്ചയിലും രാധാകൃഷ്ണൻ തന്റെ നിലപാട് ആവർത്തിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. എന്നാൽ, താൻ ഇങ്ങനെയൊരു പ്രതികരണം നടത്തിയിട്ടില്ലെന്ന് എ.എൻ.രാധാകൃഷ്‌ണൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: ക്ഷേത്ര ദർശനം ബാലൻസിങ് എന്ന് കമന്റ്‌; കലക്കൻ മറുപടിയുമായി പ്രതിഭ

“ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. വ്യക്‌തിപരമായി ഒരു മാധ്യമങ്ങളോടും പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങളൊന്നും ഞാൻ മെെൻഡ് ചെയ്യാറില്ല. പാർട്ടിയിലാണ് കാര്യങ്ങൾ പറയുക. ഇതുമായി ബന്ധപ്പെട്ട് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമോ ഇല്ലയോ എന്ന് പാർട്ടിയിലല്ലേ പറയേണ്ടത്. അത് പാർട്ടിയിൽ തന്നെ വ്യക്‌തമാക്കും. മറ്റാരോടും പ്രതികരിക്കാൻ താൽപ്പര്യമില്ല.”

സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയതോടെ സംസ്ഥാന ബിജെപിയിലെ കൃഷ്‌ണദാസ് പക്ഷവും മുരളീധരൻ പക്ഷവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മുരളീധരൻ പക്ഷത്തുള്ള സുരേന്ദ്രൻ ബിജെപി അധ്യക്ഷനായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ നിന്നു കൃഷ്‌ണദാസ് പക്ഷത്തു നിന്നുള്ള നേതാക്കൾ മാറിനിന്നിരുന്നു.

Read Also: ഒന്നര വയസുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്‌ണൻ, ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ് തുടങ്ങിയവർ സ്ഥാനാരോഹണച്ചടങ്ങിൽനിന്നു വിട്ടുനിന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന പൊതുപരിപാടിയിൽ ഇവരൊന്നും പങ്കെടുത്തില്ല. രമേശ് റെയിൽവേ സ്റ്റേഷനിൽ നടന്ന സ്വീകരണ പരിപാടിയിൽ മാത്രം പങ്കെടുത്ത് മടങ്ങി. സംസ്ഥാന വക്‌താക്കളായ പല നേതാക്കളും തിരുവനന്തപുരത്ത് എത്തിയില്ല.

ബിജെപി അധ്യക്ഷനായിരുന്ന പി.എസ്.ശ്രീധരൻപിള്ള മിസോറാം ഗവർണറായി നിയമിതനായതോടെയാണ് പുതിയ അധ്യക്ഷനായി ചർച്ചകൾ ആരംഭിച്ചത്. മൂന്ന് മാസത്തോളം നടന്ന ചർച്ചകൾക്ക് ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സുരേന്ദ്രനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി അധ്യക്ഷ സ്ഥാനത്തിരിക്കവേയാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp k surendran president an radhakrishnan conflict in party

Next Story
ഒന്നര വയസുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ അറസ്റ്റിൽsaranya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com