തിരുവനന്തപുരം: ജനരക്ഷാ യാത്രയുടെ വിജയത്തിൽ അമ്പരന്നാണ് സോളാർ കേസിലെ തുടർ നടപടികൾ സർക്കാർ വൈകിപ്പിക്കുന്നതെന്ന് ബി ജെ പി അഖിലേന്ത്യ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. പയ്യന്നൂരിൽ നിന്നാരംഭിച്ച ബി ജെ പിയുടെ ജനരക്ഷാ മാർച്ചിന്രെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം മൂന്നിന് ആരംഭിച്ച ജാഥയാണ് ഇന്ന് സമാപിച്ചത്.

സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും ജനരക്ഷാ യാത്ര സംഘടിപ്പിക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന് എല്ലാവരും ചിന്തിക്കണം. എത്ര കൊന്നാലും ബിജെപി ആദർശം ഇല്ലാതാക്കാൻ ആവില്ല. സ്വന്തം ജില്ലയിൽ നടക്കുന്ന നരഹത്യയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കുമോ?

കൊലപാതകികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ബിജെപി ഒപ്പമുണ്ടാകും. രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ജനരക്ഷാ യാത്രയെന്ന് ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് അവകാശപ്പെട്ടു.

വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം, ആദർശം ഇവയിൽ പോരാട്ടം നടത്താൻ സിപിഎം തയ്യാറുണ്ടോ? വികസനത്തെ പറ്റി ചർച്ച നടത്താൻ ബിജെപി തയ്യാർ. അഴിമതിയും കുടുംബ വാഴ്ചയും മൂലം രാജ്യത്ത് കോൺഗ്രസ് ഇല്ലാതാകുന്നുവെങ്കിൽ അക്രമ രാഷ്ട്രീയം മൂലം കേരളത്തിൽ സിപിഎം ഇല്ലാതാകുമെന്ന് അമിത് ഷാ പറഞ്ഞു.

ഒരു പാർട്ടിയുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തുന്നത് ജനാധിപത്യത്തിൽ ഭൂഷണം ആണോയെന്നാണ് യെച്ചൂരിയുടെ ചോദ്യം. ബിജെപി സിപിഎം ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയപ്പോൾ, സിപിഎം ബിജെപി ഓഫീസിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരെ ബിജെപി ജാഥ നടത്തിയപ്പോൾ, സിപിഎം കൊലക്കേസിലെ ഒന്നാം പ്രതിയെ പാർട്ടി ഭാരവാഹിയാക്കി. കേരളത്തിന് ബിജെപി സർക്കാർ നൽകിയ സഹായത്തെപ്പറ്റി ചർച്ച നടത്താൻ ബിജെപി തയ്യാറാണെന്നും അഖിലേന്ത്യാ പ്രസിഡന്ര് പറഞ്ഞു.

ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപിച്ചത്.

സമാപന ദിവസത്തെ പദയാത്ര രാവിലെ പതിനൊന്നിന് ശ്രീകാര്യത്ത് കേന്ദ്ര തുറമുഖ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം പട്ടത്ത് നിന്നും ആരംഭിച്ച പദയാത്ര കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ നയിച്ചു.

അമിത് ഷാ ജനരക്ഷാ യാത്രയില്‍ നിന്നും വിട്ടു നിന്നത് ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. ഒക്‌ടോബര്‍ മൂന്നിന് ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ അന്ന് കണ്ണൂരില്‍ നടന്ന പദയാത്രയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് അടുത്ത രണ്ടു ദിവസം കൂടി അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയുള്ള പദയാത്രയുടെ ഭാഗമാകുമെന്നുമായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ അമിത് ഷാ ജാഥയിലുണ്ടയിരുന്നില്ല. അദ്ദേഹം ഡൽഹിയിലേയ്ക്ക് മടങ്ങി പോയതിന് പിന്നാലെയാണ് അദ്ദേഹതിന്രെ മകൻ ജയ്‍‌ഷായ്ക്കെതിരായ ആരോപണം ന്യൂസ് പോർട്ടലായ ദ് വയർ പ്രസിദ്ധീകരിച്ചത്.

കൂടാതെ ജനരക്ഷാ യാത്ര മറ്റ് വാര്‍ത്തകള്‍ക്കിടയില്‍ മുങ്ങിപ്പോയതും ബിജെപിയെ വലച്ചു. വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രദേശത്ത് ജാഥ കടന്നുപോയെങ്കിലും ഫലം വന്നപ്പോൾ ബി ജെ പി നാലാം സ്ഥാനത്തേയ്ക്ക് തളളപ്പെട്ടുഎന്ന് മാത്രമല്ല, മുൻപ് നടന്ന രണ്ട് തിരിഞ്ഞെടുപ്പുകളേക്കാൾ വോട്ട് കുറയുകയും ചെയ്തു. എന്നാല്‍ യാത്ര വന്‍ വിജയമാണെന്നാണ് ബിജെപിയുടെ അവകാശവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ