കോഴിക്കോട് : ബിജെപിയുടെ ലക്ഷ്യം കലാപമുണ്ടാക്കുകയാണെന്നും ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ തന്ത്രികുടുംബം വരാതിരുന്നതിന്റെ കാരണവും ബിജെപിയാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എല്‍ഡിഎഫ് വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരന്‍ പിള്ളയെ പോലുള്ള ആളുകളില്‍ നിന്ന് ഉപദേശം വാങ്ങിയാല്‍ തന്ത്രിമാര്‍ പെടുന്ന പാട് എത്രയാണെന്ന് ആലോചിക്കണം. ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ കേരള ജനതയെ ഭിന്നിപ്പിച്ച് അടിത്തറ വികസിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഇക്കാര്യം പരസ്യമാക്കിയതോടെ ആര്‍ക്കും അതില്‍ സംശയമില്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയും എല്‍ഡിഎഫും മാത്രമാണ് ഈ സമരം കഴിയുമ്പോള്‍ ബാക്കിയുണ്ടാവുക എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞപ്പോള്‍ ആ പൂതി മനസിലിരിക്കട്ടെയെന്ന് പറയാന്‍ പോലും ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായില്ല. രാഹുല്‍ ഗാന്ധി ശബരിമല വിധിയെ അനുകൂലിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ തൊലിക്കട്ടിയെക്കുറിച്ച് ആലോചിക്കണമെന്ന് പിണറായി പരിഹസിച്ചു.

സവര്‍ണമേധാവിത്വം പണ്ടുമുതലേ നല്ല നിലയിലല്ല ശബരിമലയെ കാണുന്നത്. അവര്‍ക്ക് ശബരിമലയുടെ കാര്യത്തില്‍ ഒരു പ്രത്യേക അജണ്ടയുണ്ട്. എല്ലാവിഭാഗം ജനങ്ങളും ശബരിമലയില്‍ എത്തുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ റാലിയില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. എന്നാല്‍ ഞങ്ങളുടെ വിശ്വാസം മാത്രമേ ഇവിടെ പാടുള്ളൂവെന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആചാരങ്ങളെ ബഹുമാനിച്ചാണ് ഞാന്‍ ശബരിമല സന്ദര്‍ശിച്ചത്. ഇരുമുടി തലക്കെട്ടുമായേ പതിനെട്ടാം പടികയറാവൂ എന്നതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് ഞാന്‍ പോയത്. ഭക്തരെയാണ് ഇവര്‍ അക്രമിക്കുന്നത്. ശബരിമല സന്നിധി എന്ന പരിമിതി പൊലീസിനുണ്ടായിരുന്നു എന്നത് വസ്തുതയാണ്. ശബരിമലയുടെ പവിത്രത സൂക്ഷിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും ഒട്ടുംതാത്പര്യമില്ലാത്തതിനാല്‍ പൊലീസ് സംയമനം പാലിച്ചാണ് നീങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.