തൃശൂര്‍: പൂരങ്ങളുടെ നടത്തിപ്പിന് സംസ്ഥാനസര്‍ക്കാരിനു തുറന്ന മനസാണുളളതെന്നും വെടിക്കെട്ടിന് തടസം ബിജെപി സര്‍ക്കാരെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ നയത്തിനനുസൃതമായി വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി എക്‌സ്‌പ്ലോസീവ് വിഭാഗം ഇറക്കിയ പുതിയ സര്‍ക്കുലറാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും അതിന് സംസ്ഥാനസര്‍ക്കാരിനെ പഴിപറഞ്ഞിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും സര്‍ക്കുലറോ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ ഇടപെടലോ പൂരാഘോഷ നടത്തിപ്പിനു വിഘാതമായിട്ടുണ്ടോയെന്ന് പൂര കമ്മിറ്റിക്കാര്‍ പറയണം. അത്തരം നിലപാടൊന്നും ഉള്ളവരല്ല പൂരം നടത്തിപ്പുമായി ബന്ധമുള്ളത്. ഇപ്പോളത്തെ പ്രശ്‌നങ്ങളെല്ലാം ആസൂത്രിതമാണ്. ജാതീയമായും മതപരമായും രാഷ്ട്രീയമായും മുതലെടുക്കാനുള്ള ഇവരുടെ തന്ത്രങ്ങളില്‍ പൂരാഘോഷ കമ്മിറ്റിക്കാര്‍ അകപ്പെടരുതെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ പൂരം നടത്തുന്ന പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് സ്വന്തമായി 2000 കി. ഗ്രാം വരെ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് മാഗസിന്‍ സൗകര്യമുളളതിനാല്‍ കേന്ദ്രനിയമം അവര്‍ക്ക് പ്രതിസന്ധിയാകില്ല. പൂരങ്ങളുടെ നടത്തിപ്പിന് നിയമപരമായ വഴിതേടാനും സര്‍ക്കാര്‍ സന്നദ്ധമാണ്. കേന്ദ്രസര്‍ക്കാരിന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിന്റെ മറുപടി കാത്തിരിക്കുകയാണ്. അതു ലഭിക്കുന്ന മുറയ്ക്ക് മറ്റു കാര്യങ്ങളിലേക്കു കടക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കേന്ദ്ര എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരടക്കമുളള സംഘം സംസ്ഥാനത്തു വന്ന് തെളിവെടുപ്പു നടത്തി റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഇതുവരെ ആ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതിന് ആരാണ് ഉത്തരവാദിയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. അനുകൂലമായാല്‍ സഹായകരമായ വിധം നിലപാടുകള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും ശ്രമിക്കരുത്.
ഊത്രാളിക്കാവ് പൂരം എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംഎല്‍എ രാജിവച്ചതൊന്നും ആത്മാര്‍ത്ഥമായ നടപടിയല്ല. സര്‍ക്കാര്‍ പൂരാഘോഷ കമ്മിറ്റിക്കാരുമായി ഒരുവിധ ഏറ്റുമുട്ടലിനുമില്ല. താനും നടത്തിപ്പു കമ്മിറ്റിയുടെ ഭാഗമാണ്. കലക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായെന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് ചോദ്യത്തോടു പ്രതികരിച്ചു. പൂരം നടത്തിപ്പിനു വഴിതുറക്കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയതിനോടു എതിര്‍പ്പില്ല. താനുള്‍പ്പെടെ മൂന്നുമന്ത്രിമാരുടെ വസതികളില്‍ 26 മുതല്‍ കുടില്‍കെട്ടി സമരത്തിന് വരുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വീകരിക്കും. വീട്ടുവരാന്തയിലിരുന്നു സമരം ചെയ്യാനും സൗകര്യമുണ്ടാക്കും. താനും സമരക്കാര്‍ക്ക് ഒപ്പമാണ്. എന്നാല്‍, കേന്ദ്രസര്‍ക്കുലര്‍ പരാമര്‍ശിക്കാതെ നടത്തുന്ന പ്രചാണം സംസ്ഥാന സര്‍ക്കാരിനെ ശത്രുപക്ഷത്തു നിര്‍ത്താനാണെങ്കില്‍ നടപ്പാകില്ലെന്നും മന്ത്രി പറഞ്ഞു.