തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലൻ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയധികം ബിജെപി പ്രവര്‍ത്തകരുണ്ടായിരുന്ന സമര പന്തലിന് അടുത്ത് ഒരാള്‍ക്ക് എങ്ങനെ തടസ്സം കൂടാതെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ കഴിയുമെന്നും കടകംപളളി ചോദിച്ചു. ബിജെപി ഹര്‍ത്താല്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജീവിതം തുടരാൻ താത്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലൻ നായരുടെ മൊഴിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരിക്കുന്നതിന് തൊട്ടു മുൻപ് പൊലീസിന് നൽകിയ മൊഴിയാണ് ഇതെന്നാണ് വിവരം. ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയിൽ പറയുന്നില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് പുല‌ർച്ചെ 1.30 ഓടെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി.കെ. പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ വച്ച് വേണുഗോപാലൻ നായർ ആത്മഹത്യക്ക് ശ്രമിച്ചത്. സമരപ്പന്തലിന് എതിർവശത്തെ റോഡിലെത്തിയ വേണുഗോപാലൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതുകണ്ട് സമരം ചെയ്യുന്ന നേതാക്കൾ ഉണർന്നു. ഉടൻ നേതാക്കളും പ്രവർത്തകരും ചേർന്ന് പന്തലിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തീകെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സഹായിച്ചു. തുടർന്ന് 15 മിനിട്ടിനകം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ