scorecardresearch

കേരളത്തിലെ ജനം തളളിക്കളഞ്ഞ ഒറ്റപ്പെട്ട സംവിധാനമാണ് സംഘപരിവാര്‍; എന്‍ഡിടിവി അഭിമുഖത്തില്‍ നയം വ്യക്തമാക്കി പിണറായി

കളവ് പ്രചരിപ്പിക്കുക എന്നതില്‍ ആര്‍എസ്എസ് കേമാന്മാരാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ആര്‍എസ്എസ്സിനെ അറിയാം. അതിനാല്‍ തന്നെ ഈ ദുഷ്പ്രചാരണങ്ങളൊന്നും തന്നെ കേരളത്തില്‍ വിലപോവില്ല.

കേരളത്തിലെ ജനം തളളിക്കളഞ്ഞ ഒറ്റപ്പെട്ട സംവിധാനമാണ് സംഘപരിവാര്‍; എന്‍ഡിടിവി അഭിമുഖത്തില്‍ നയം വ്യക്തമാക്കി പിണറായി

തിരുവനന്തപുരം : ബിജെപിയേയും ആര്‍എസ്എസിനെയും കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. കേരളത്തില്‍ വളരെയേറെ ഒറ്റപ്പെട്ട ഒരു സംവിധാനമാണ് ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്‍ഡിടിവിക്ക് നല്‍കിയ ഇരുപത് മിനുട്ട് അഭിമുഖത്തിലാണ് സംഘപരിവാര്‍, കേരളത്തിനെതിരായ വാര്‍ത്താപ്രചാരണങ്ങള്‍, അക്രമരാഷ്ട്രീയം, ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യം, ഐസിസ് തുടങ്ങി ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് പിണറായി വിജയന്‍ സംസാരിച്ചത്.

കേരളം രക്തക്കളമാണ് എന്ന രീതിയില്‍ ദേശീയതലത്തില്‍ നടക്കുന്ന പ്രചാരണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍. കേരളത്തിനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. “ഇതിനെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട് എങ്കിലും ഒട്ടും അതിശയമില്ല.” പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുകയുണ്ടായി എന്നും കേരളത്തില്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള ദുഷ്പ്രചാരണങ്ങള്‍ കേരളത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ തിരുത്തുമെന്നും അത് വലിയ രീതിയില്‍ കേരളത്തിലേക്കുള്ള നിക്ഷേപങ്ങളെ ബാധിക്കുന്നതാണ് എന്നും പറഞ്ഞു. ജീവിക്കാന്‍ ഏറ്റവും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിനെ താറടിച്ചു കാണിക്കുവാനുള്ള ഈ ശ്രമത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും എന്നും പിണറായി വിജയന്‍ പറഞ്ഞു.

‪Read More : അക്രമങ്ങൾ തടയണമെങ്കിൽ ആർ എസ് എസിന് പ്രധാനമന്ത്രി മൂക്കുകയറിടണം മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിനെ താലിബാനായി ചിത്രീകരിച്ചുകൊണ്ട് ചില ദൃശ്യമാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍. “ഇപ്പോള്‍ നടക്കുന്ന ഈ പ്രചാരവേല രാജ്യത്തിന്റെയോ സംസ്ഥാനത്തിന്‍റെയോ താത്പര്യത്തിലല്ല എന്നു മാത്രമല്ല. വാക്കുകള്‍ എങ്ങനെ ഉപയോഗിക്കാനുള്ള ധാരണ പോലും ഇല്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നും പറഞ്ഞ പിണറായി വിജയന്‍. ഇതേറ്റുപിടിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ് ലാക്കാക്കുന്നത് എന്നും നിരീക്ഷിച്ചു.

സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്ല എന്നു പറയില്ല. അക്രമരാഷ്ട്രീയത്തിനു പരിഹാരം കാണുവാന്‍ സവകക്ഷി യോഗങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരുമായി സഹകരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും അക്രമങ്ങളിലേക്ക് നയിക്കാതിരിക്കാനുള്ള നടപടികള്‍ അവരവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. “ക്രിമിനല്‍ സാന്നിദ്ധ്യങ്ങള്‍ എല്ലാ പാര്‍ട്ടിയിലും കടന്നുകയറിയിരിക്കാം. അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ പാര്‍ട്ടികള്‍ അവരെ സംരക്ഷിക്കാന്‍ നോക്കരുത്.” എന്നും പറഞ്ഞ പിണറായി ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കളവ് പ്രചരിപ്പിക്കാന്‍ ഒരു മടിയുമില്ല എന്നാരോപിച്ചു.

Read More : രാഷ്ട്രീയ സംഘര്‍ഷത്തെ മറയാക്കിക്കൊണ്ട് ബിജെപിയുടെ വ്യാജ പ്രചരണം വ്യാപകം

കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ന്നിരിക്കുന്നുവെന്ന പ്രചാരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി. ഇന്ത്യാ ടുഡേ സര്‍വ്വേ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയിലേറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം എന്ന് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കുറവ് വര്‍ഗീയ കലാപങ്ങള്‍, അക്രമം, ഏറ്റവും കുറഞ്ഞ ക്രൈം റേറ്റ് എന്നിവ കേരളത്തിലാണ്. മറ്റു പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തില്‍ ആദിവാസികള്‍ക്കും ദളിത്‌ ജനവിഭാഗങ്ങള്‍ക്കും മുസ്ലീംങ്ങള്‍ക്കും നേരെ സംഘടിത അക്രമങ്ങളുണ്ടാവുന്നില്ല എന്നും. “നാഷണല്‍ ക്രൈം റിക്കോഡ്‌ ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം 2016ല്‍ മാത്രമായി 305 കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും അതില്‍ കുറവു സംഭവിക്കുന്നുമുണ്ട്. അതേ കാലയളവില്‍ ഉത്തര്‍പ്രാദേശില്‍ നടന്നത് 4732 കൊലപാതകങ്ങളാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടില്ല. ബീഫ് കഴിക്കുന്നു കാലികടത്തുന്ന എന്നൊക്കെയുള്ള പ്രത്യേകിച്ച് ദളിതരെ പേരില്‍ രാജ്യമൊട്ടാകെ ആളുകളെ കൊന്നൊടുക്കിയപ്പോള്‍ ആരെങ്കിലും രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടോ ? ഗുജറാത്തില്‍ രണ്ടായിരത്തോളം പേര്‍ വധിക്കപ്പെട്ടപ്പോള്‍ ആരെങ്കിലും രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടോ ? പ്രതിദിനം പതിനൊന്നോളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന മധ്യപ്രദേശില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടോ ? കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ആര്‍എസ്എസ് ആവശ്യം ജനങ്ങള്‍ അവജ്ഞയോടെ തള്ളും.” പിണറായി വിജയന്‍ പറഞ്ഞു.

കളവ് പ്രചരിപ്പിക്കുക എന്നതില്‍ ആര്‍എസ്എസ് കേമാന്മാരാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ആര്‍എസ്എസ്സിനെ അറിയാം. അതിനാല്‍ തന്നെ ഈ ദുഷ്പ്രചാരണങ്ങളൊന്നും തന്നെ കേരളത്തില്‍ വിലപോവില്ല. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുവാനാണ് ബിജെപി ശ്രമിക്കുന്നത്. മതേതരത്വത്തെയും ജനാധിപത്യത്തേയും ആസൂത്രിതമായി ആക്രമിക്കുകയാണ് ബിജെപിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Read More : മുഖം വ്യക്തമാകുമ്പോള്‍ ശ്രദ്ധ തിരിയ്ക്കാനുളള ശ്രമമാണ് ബിജെപി പ്രചാരണങ്ങള്‍; പിണറായി

ഇത്തരം കാര്യങ്ങളില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു കാര്യമായ നിലപാട് എടുക്കാനായില്ല എന്നു പറഞ്ഞ പിണറായി. “കോണ്‍ഗ്രസിന് അതിലൊരുറച്ച നിലപാടില്ല.” എന്നും വിമര്‍ശിച്ചു. ദേശീയതലത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനായൊരു സംയുക്ത പുരോഗമന ജനാധിപത്യ മുന്നേറ്റം നമുക്കാവശ്യമാണ്‌. “ഇടതുപക്ഷം അതിനു മുന്നോട്ടു വരേണ്ടതുണ്ട് എന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും പറഞ്ഞ പിണറായി വിജയന്‍. “ജനങ്ങളുടെ മൗലിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ഒരു രാഷ്ട്രീയ ബദലാണ് ആവശ്യം” എന്നും അഭിപ്രായപ്പെട്ടു.

കേരളത്തില്‍ നിന്നുമുള്ള യുവാക്കള്‍ പലരും ഐസിസില്‍ ചേരുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു ” അത് പൊലീസ് സൂക്ഷ്മാമായി നിരീക്ഷിക്കുകയും കേന്ദ്ര ഏജന്‍സികളുടെയടക്കം സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്യുന്ന കാര്യമാണ്.” എന്നായിരുന്നു പിണറായിയുടെ മറുപടി. കേരളത്തിന്‍റെ മതേതരത്വം അത്തരം പ്രവണത്തകളെ സ്വാഭാവികമായി തടഞ്ഞുനിര്‍ത്തുകതന്നെ ചെയ്യും എന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി ഉയരുമോ എന്ന ചോദ്യത്തിന് ” കേരളത്തില്‍ ബിജെപിയും ആര്‍ എസ് എസും ഒരു ഒറ്റപ്പെട്ട സംവിധാനമാണ്. അവരെ തള്ളിക്കളഞ്ഞവരാണ് കേരളത്തിലെ ജനങ്ങള്‍ എന്നും പിണറായി പറഞ്ഞു.

Read More : ‘കാസർഗോഡ് ഐഎസിന്‍റെ വിളനിലം’: കേരളത്തിനെതിരെ വീണ്ടും ടൈംസ് നൗവിന്‍റെ വിദ്വേഷ വാര്‍ത്താപ്രചരണം

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bjp is an isolated system rejected by people of kerala says cm pinarayi vijayan