കൊച്ചി: ബിജെപി ഹര്‍ത്താലില്‍ വലഞ്ഞ് യാത്രക്കാര്‍. അപ്രതീക്ഷിത ഹര്‍ത്താലിനെ കുറിച്ച് അറിയാതെ എത്തിയ യാത്രക്കാരാണ് വലഞ്ഞത്. തലസ്ഥാനത്ത് തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ആര്‍സിസിയിലേക്ക് അടക്കം പോകേണ്ട യാത്രക്കാര്‍ വാഹനങ്ങളില്ലാതെ ബുദ്ധിമുട്ടി. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഓടുന്നുള്ളൂ. പൊലീസ് സഹായം ഒരുക്കുന്നുണ്ട്.

ഹര്‍ത്താല്‍ ചെങ്ങന്നൂരിൽ തീർത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സര്‍വ്വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീർത്ഥാടകർ നിലയ്ക്കൽ വരെ പോകുന്നത്. പമ്പയിലേക്ക് പോയ 19 ബസുകൾ തിരിച്ചെത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

വിജനമായ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍

കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. അതേസമയം, പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്റിലും വന്നിറങ്ങിയവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഹർത്താല്‍ ബിനാലെയെ കാര്യമായി ബാധിച്ചിട്ടില്ല. പരുപാടികള്‍ പതിവ് പോലെ നടക്കുന്നുണ്ട്.

ബിനാലെയില്‍ ഗൊറില്ല ഗേള്‍സ് പരിപാടി അവതരിപ്പിക്കുന്നു

ഇതിനിടെ പാലക്കാട് അക്രമമുണ്ടായി. കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ പുലര്‍ച്ചെ മൂന്നരയോടെ എത്തിയ അക്രമി സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. ഡിപ്പോയുടെ പുറത്ത് നിര്‍ത്തി ഇട്ടിരുന്ന ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്. കോഴിക്കോടും മറ്റു വടക്കന്‍ ജില്ലകളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലുള്ളൂ. യാത്രക്കാരെ എത്തേണ്ടിടത്ത് എത്തിക്കാനായി പൊലീസ് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

എറണാകുളത്ത് ഹർത്താൽ ഭാഗികമാണ്. സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിൽ ഓടുന്നുണ്ട്. കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. രാവിലെ ബിജെപി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

എറണാകുളത്ത് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനം. ഫൊട്ടോ: ഹരികൃഷ്ണൻ

എറണാകുളം നഗരത്തിൽനിന്നുളള കാഴ്ച. ഫൊട്ടോ: ഹരികൃഷ്ണൻ

ബ്രോഡ്‌വേയിൽ കടകൾ തുറന്നപ്പോൾ. ഫൊട്ടോ: ഹരികൃഷ്ണൻ

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. ഇതേ തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണം. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെഎസ്ഇബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ബെഹ്റയുടെ നിർദ്ദേശം.

എറണാകുളത്ത് നിന്നുള്ള ദൃശ്യം

കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റും പട്രോളിങ്ങും ഏര്‍പ്പെടുത്തണമെന്നും ഡിജിപി അറിയിച്ചു.

മണ്ഡല കാലം തുടങ്ങിയതിന് ശേഷം ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകള്‍ നടത്തുന്ന നാലാമത്തെ ഹർത്താലാണിത്. ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു നേരത്തെ നടത്തിയ സംസ്ഥാന വ്യാപക ഹർത്താല്‍. ഇത് കൂടാതെ അയ്യപ്പ ഭക്തന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തനംതിട്ടയില്‍ മാത്രമായും, കഴിഞ്ഞ ദിവസം ബിജെപി-യുവമോർച്ച മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തി ചാർജിനെതിരെ തിരുവനന്തപുരം ജില്ലയില്‍ മാത്രമായും ഹർത്താലുകള്‍ നടത്തിയിരുന്നു.

എറണാകുളത്ത് നിന്നുള്ള ദൃശ്യം

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്. അതേസമയം, ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ പുലർച്ചെയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാൽ നായർ ആത്മഹത്യക്ക് ശ്രമിച്ചത്. പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം ഇയാൾ സമരപ്പന്തലിലേക്ക് ഓടിയടുക്കുകയായിരുന്നു. ബിജെപി പ്രവർത്തകരും പൊലീസും ചേർന്ന് ഇയാളെ തടയാനും തീ അണയ്ക്കാനും ശ്രമം നടത്തി. ശരീരമാസകലം ഗുരുതരമായി പൊളളലേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ