കോഴിക്കോട്: ബിജെപി ഹര്‍ത്താലിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ ഭിന്നത. മതിയായ കാരണമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ എതിര്‍പ്പു പിടിച്ചുപറ്റിയെന്ന് ബിജെപിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതോടെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നെന്നും പിള്ള പറഞ്ഞു.

‘സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശം. ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മീഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായി. വേണുഗോപാലന്‍ നായര്‍ ബിജെപി നേതാവ് സി.കെ.പത്മനാഭനോട് പറഞ്ഞതാണ് മരണമൊഴി. എന്നാല്‍ സി.കെ.പത്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ല’ ശ്രീധരന്‍പിള്ള പറഞ്ഞു.

ഹര്‍ത്താലിനെതിരെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത വെളിപ്പെടുത്തി നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. ഏത് സംഘടന നടത്തിയാലും ഹര്‍ത്താല്‍ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കോര്‍കമ്മിറ്റി അംഗങ്ങളുമായി ആലോചിക്കാതെ ഹര്‍ത്താല്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന വിമര്‍ശനമാണ് മുരളീധരപക്ഷത്തിനുള്ളത്. മരണമൊഴി പുറത്തുവന്നതോടെ പാര്‍ട്ടി വെട്ടിലായെന്ന് ഗ്രൂപ്പിനതീതമായ അഭിപ്രായവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ള വിശദീകരണവുമായെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.