തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെ അക്രമം. നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തുനിന്നും വരികയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിന് നേരെ നെയ്യാറ്റിൻകര പത്താം കല്ലിന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നു. ആർക്കും പരുക്കേറ്റിട്ടില്ല.

ശബരിമലയിൽ നിരോധനാജ്ഞ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. ഇത് അവസാനിപ്പിക്കാൻ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി-യുവമോർച്ച പ്രവർത്തകർ ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.

നാമജപ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. പ്രവർത്തകർ കല്ലെറിഞ്ഞപ്പോൾ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇതിനുപിന്നാലെയാണ് ബിജെപി ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.

ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ നേരത്തെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു. എന്നാൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ പരീക്ഷ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ഡിസംബർ 21-ന് ആയിരിക്കും നടത്തുക.

അതിനിടെ, ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ നടത്തിയിരുന്ന നിരാഹാര സമരം സി.കെ.പദ്മനാഭൻ ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി.കെ.പദ്മനാഭൻ നിരാഹാര സമരം ഏറ്റെടുത്തത്. കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ രാധാകൃഷ്ണന്‍ നിരാഹര സമരത്തിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.