തിരുവനന്തപുരം: രാജ്യത്ത് കോൺഗ്രസിന്റേത് ദയനീയ അവസ്ഥയെന്ന് വി.എസ്.അച്യുതാനന്ദൻ. ബിജെപിയുടെ പ്രവർത്തനം നാസികളുടേതിന് സമാനമാണ്. ബിജെപിയുടെ മുന്നേറ്റം രാജ്യത്തിന് അപകട സൂചനയാണ് നൽകുന്നത്. ഇനി മോദിയുടെ ഫാസിസ്റ്റ് നടപടികൾക്ക് തീവ്രതയേറുമെന്നു വിഎസ് പറഞ്ഞു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വൻ വിജയമാണ് ബിജെപി നേടിയത്. 15 വർഷത്തിനുശേഷമാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിലെത്തുന്നത്. 2012 ലെ 42 സീറ്റിൽനിന്നു ബിജെപി ഒറ്റയടിക്കു 312 സീറ്റിലേക്കാണ് കുതിച്ചത്. സഖ്യകക്ഷികളുടെ പതിമൂന്നും ചേർത്ത് 325 സീറ്റ്. അതേസമയം, എസ്‌പി-കോൺഗ്രസിനു യുപിയിൽ നേട്ടമുണ്ടാക്കാനായില്ല. 224 സീറ്റുണ്ടായിരുന്ന എസ്‌പി 47 സീറ്റിലേക്കൊതുങ്ങി. 28 സീറ്റിൽനിന്നു കോൺഗ്രസ് ഏഴു സീറ്റിലേക്കു ചുരുങ്ങി.

ഉത്തരാഖണ്ഡിൽ ആകെ 70 സീറ്റുകളിൽ 57 എണ്ണവും ബിജെപി നേടി. ഭരണകക്ഷിയായ കോൺഗ്രസിനു 11 സീറ്റുകൾ മാത്രമാണ് കിട്ടിയത്. 16 വർഷത്തെ സംസ്ഥാനചരിത്രത്തിൽ ആദ്യമായാണു ഒരു കക്ഷി ഒറ്റയ്ക്ക് ഇത്രയും സീറ്റുകൾ നേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ