കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിനു വ്യാജ രസീതുണ്ടാക്കി പണം പിരിച്ച വിവരം പുറത്തുവിട്ട കോളജ് അധ്യാപകനെ ബിജെപി നേതാക്കൾ മർദിച്ചതായി പരാതി. എംഎച്ച്ഇഎസ് ചെരണ്ടത്തൂരിലെ അധ്യാപകൻ ശശികുമാറാണ് മർദനമേറ്റത്. സംഭവത്തിൽ 15 പേർക്കെതിരേ പയ്യോളി പോലീസ് കേസെടുത്തു.

ദേശീയ കൗൺസിലിന്‍റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അടിച്ചതിന്‍റെ തെളിവുകൾ നേരത്തേ പുറത്ത് വന്നിരുന്നു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചതെന്നാണ് വിവരം. 2016 സെപ്തംബർ 23,24,25 തീയതികളിലായിരുന്നു ബിജെപി ദേശീയ കൗൺസിൽ നടന്നത്.

കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 10,000 മുതല്‍ 50,000 രൂപ വരെ വ്യാപാരികളില്‍നിന്നു വ്യാജ രസീതു നല്‍കി വാങ്ങിയെന്നാണ് കണ്ടെത്തല്‍. വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയില്‍ നിന്നു ലഭിച്ച രേഖകളാണു കേന്ദ്രത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത്. സംസ്ഥാന സമിതി അംഗം എം. മോഹനനാണു രസീത് അച്ചടിക്കാന്‍ പ്രസിനെ സമീപിച്ചതെന്നും മൊഴി ലഭിച്ചിട്ടുണ്ട്.

സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയില്‍ ഉണ്ടായിരുന്നത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവരായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇരുവരോടും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാല്‍ വിശദീകരണം തേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ