തിരുവനന്തപുരം: മെഡിക്കൽ കോളേജ് അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് ആർഎസ് വിനോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബിജെപി സഹകരണ സെൽ ചെയർമാനായ ആർഎസ് വിനോദിനെതിരായാണ് ബിജെപി തന്നെ നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

ഈ ആരോപണം ഊഹാപോഹം മാത്രമാണെന്നും ബിജെപി നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രസ്താവിച്ചിരുന്നു. തൊട്ടുപിന്നാലെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയാണെന്ന് വ്യക്തമാക്കി അന്വേഷണ കമ്മിഷൻ എ.കെ.നസീർ രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് ആർഎസ് വിനോദിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ബിജെപി പുറത്താക്കിയത്. പ്രാദേശിക നേതാക്കളുടെ മൊഴി​ എടുത്തതിൽ എം.ടി.രമേശിന്റെ പേരുണ്ടായിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ അംഗം എ.കെ.നസീർ ഇന്ന് വൈകുന്നേരം സ്ഥിരീകരിച്ചിരുന്നു. പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതി ചേർത്തുവെന്ന ആരോപണം തെറ്റാണെന്നും എ.കെ.നസീർ പറഞ്ഞു.

മെഡിക്കൽ കോളജിന് അനുമതി വാങ്ങി നൽകാമെന്ന് പറഞ്ഞ് ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്ന് ബിജെപി നേതാവ് എം.ടി.രമേശ് പറഞ്ഞിരുന്നു. “ആരും തനിക്ക് പണം വാഗ്‌ദാനം ചെയ്തിട്ടില്ല. ഒരു മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂളിനു പോലും അനുമതി വാങ്ങിച്ചു കൊടുക്കാൻ കഴിവില്ലാത്ത ആളാണ് ഞാൻ. സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു”വെന്നും എം.ടി.രമേശ് പറഞ്ഞിരുന്നു.

നേരത്തെ ബിജെപി നേതാക്കൾക്കെതിരെയുള്ള കോഴ വാർത്തകൾ ഊഹാപോഹമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചിരുന്നു. കോഴ ആരോപണവുമായി ആർക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും എന്നും തുടർ നടപടികൾ ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും കുമ്മനം പറഞ്ഞിരുന്നു.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയിരിക്കുന്നത്.

പണം നൽകിയതായി ആർ.ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദും തെളിവെടുപ്പിൽ സമ്മതിച്ചിട്ടുണ്ട്. പണം നൽകിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നൽകിയതാണ് അന്വേഷണത്തിനു വഴിവച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണ് ചോർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ